SignIn
Kerala Kaumudi Online
Sunday, 13 September 2026 9.38 AM IST

കുമ്പഴയ്ക്കും കലഞ്ഞൂരിനും ഇടയിൽ അപകടമേറെ, കുരുതിക്കളമായി സംസ്ഥാനപാത

car
car

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കുമ്പഴക്കും കലഞ്ഞൂരിനും ഇടയിൽ വാഹന അപകടങ്ങൾ വർദ്ധിക്കുന്നു. നിർമാണം പൂർത്തിയായി വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ തുടങ്ങിയതുമുതൽ അമിതവേഗം കാരണം കുരുതിക്കളമാകുകയാണ്​ സംസ്ഥാന പാത. വകയാർ കൊല്ലൻപടിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് പ്രമാടം പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൊല്ലം കുണ്ടറ സ്വദേശി ആമിനാബീവി കഴിഞ്ഞ ദിവസം മരിച്ചതാണ് അവസാനത്തെ സംഭവം.

ഡ്രൈവ് ചെയ്യുന്നവരുടെ അശ്രദ്ധയും അമിത വേഗതയും അപകടകാരണമാകുന്നുണ്ട്. കുമ്പഴ മുതൽ കലഞ്ഞൂർ വരെ സംസ്ഥാന പാതയുടെ കോന്നി റീച്ചിൽ നടന്ന അപകടങ്ങളിൽ നിരവധി പേരാണ് ​ മരണപ്പെട്ടത്. പാതയിലെ പരമാവധി വേഗത 70 കിലോമീറ്ററാണെന്ന്​ നിർമാണം പൂർത്തിയാക്കിയ കെ.എസ്.ടി.പി അധികൃതർ പറയുന്നു. എന്നാൽ, ഇരുചക്ര വാഹനങ്ങളടക്കം കോന്നിയിൽ കൂടി കടന്നുപോകുന്നത് ഇതിലും ഉയർന്ന വേഗത്തിലാണ്​. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനാവശ്യമായ നടപടിയും ഇല്ല. അപകടത്തിൽ ഗുരുതര പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.

അപകട പോയിന്റുകൾ

കുമ്പഴ, മാമൂട്, ചിറ്റൂർ മുക്ക്, ഇളകൊള്ളൂർ, മല്ലശ്ശേരിമുക്ക്, മുറിഞ്ഞകൽ, കൊല്ലൻപടി, നെടുമൺകാവ്, ഇഞ്ചപ്പാറ, കലഞ്ഞൂർ തുടങ്ങി വിവിധ ഇടങ്ങളിൽ അപകടങ്ങൾ വർദ്ധിക്കുകയാണ്. മുറിഞ്ഞകല്ലിൽ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. രണ്ടു വർഷം മുമ്പ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച അപകടവും മുറിഞ്ഞകല്ലിൽ ഉണ്ടായി. ട്രാഫിക് സിഗ്നൽ ഇല്ലാത്ത കുമ്പഴ ജംഗ്ഷനിലും അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞവർഷം കോന്നി മാമൂട്ടിൽ ജില്ലാ കളക്ടർ സഞ്ചരിച്ച വാഹനങ്ങൾ അടക്കം അപകടത്തിൽപ്പെട്ടിരുന്നു. ശബരിമല തീർത്ഥാടന സമയത്ത് തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർ അടക്കം കോന്നി വഴിയാണ് കടന്നുവരുന്നത്.

വേഗപരിധി : 70 കിലോമീറ്റർ

അമിതവേഗവും അശ്രദ്ധയും അപകട കാരണം

ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കൊല്ലൻപടിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ച യുവതി മരിച്ചു. കുണ്ടറ നെടുമന കിണറുവിള വീട്ടിൽ ആമിന ബീവി (31) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിനായിരുന്നു അപകടം. കോന്നി ഭാഗത്തു നിന്ന് വന്ന കാർ എതിരെയെത്തിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രമാടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ആമിന ബീവി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL