
തിരുവല്ല : തുണി കഴുകുന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ വീട്ടിൽ മനോജ് കെ തങ്കപ്പൻ (ജോഷി -52), കിഴക്കുംമുറി കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35), തുകലശ്ശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയുമാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. യുവതി തുണി കഴുകുന്നതിനിടെ മനോജാണ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ഇതുകണ്ട യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ഇവരുടെ ഭർത്താവ്, ഭർത്താവിന്റെ അനുജൻ, വയോധികയായ മാതാവ് എന്നിവരെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ ആർ, സി.പി.ഒ മാരായ ശ്രീമോൻ പി.ആർ, മഹേഷ് എസ്.എസ്, നിതിൻകുമാർ ബി. എന്നിവരുടെ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |