
പത്തനംതിട്ട : ജില്ലയിൽ പമ്പ, അച്ചൻകോവിൽ നദികളിലെ മണൽ വാരുന്നതിന് ദുരന്ത നിവാരണവിഭാഗം നടപടികളിലേക്ക് കടക്കുന്നു. ഇരുപത് കടവുകളിൽ നിന്ന് മണൽ വാരുന്നതിന് ദുരന്ത നിവാരണ വിഭാഗം പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പ്രളയശേഷം നദികളിലെ മണൽ വാരുന്നതിന് വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം തീരുമാനമെടുത്തതിനു പിന്നാലെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന മണൽ ഒാഡിറ്റിംഗിൽ ജില്ലയിൽ മണൽ വാരാനുള്ള കടവുകൾ നിശ്ചയിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ തുടർ നടപടിയുടെ ഭാഗമായാണ് പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി കത്തു നൽകിയത്. മണൽ വാരാൻ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. പരിസ്ഥിതി അനുമതി ലഭിച്ചാൽ മണൽ ലേലം ചെയ്യുന്നത് കടവുകളുടെ പരിധിയിലുള്ള പഞ്ചായത്തുകളാണ്.
♦ തുലാമഴയ്ക്ക് മുമ്പ് വാരുമോ
മണൽ വാരാനുള്ള നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ തുലാമഴയിലും നദികൾ കരകവിഞ്ഞൊഴുകും. ഇക്കഴിഞ്ഞ കാലവർഷത്തിൽ ഒറ്റ രാത്രയിലെ മഴയാണ് പ്രളയമുണ്ടാക്കിയത്. ഒരു മാസം കൂടി കഴിഞ്ഞാൽ തുലാവർഷം പ്രതീക്ഷിക്കാം. അതിനു മുമ്പ് മണൽ നീക്കം ചെയ്യാനാണ് സർക്കാർ നീക്കം. എന്നാൽ, പരിസ്ഥി അനുമതി വൈകിയാൽ എല്ലാം താറുമാറാകും. കഴിഞ്ഞ വർഷം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നദികളിലെ മണൽ വാരാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വന്നതിനാൽ തുടർനടപടികൾ പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങുകയായിരുന്നു.
# ജില്ലയിലെ കടവുകൾ : 20,
# പമ്പയിൽ : 13, അച്ചൻകോവിലാറിൽ : 7
നീക്കം ചെയ്യാനുള്ള മണൽ ക്യുബിക് മീറ്ററിൽ
പമ്പയിൽ 6.86ലക്ഷം
അച്ചൻകോവിൽ 9.42 ലക്ഷം .
# മണൽവാരൽ നിരോധിച്ചിട്ട് 11 വർഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |