SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

സർക്കാരിന്റെ കനിവ് കാത്ത് ട്രാക്കി​ലെ താരം ; രോഗത്തി​ന് മുന്നി​ൽ തോറ്റുപോയ അതുല്യയ്ക്ക് ജീവിക്കാൻ ജോലി വേണം

ccc
അതുല്യ പി. സജി രോഗാവസ്ഥയിലായിരുന്നപ്പോഴുള്ള പടം

പത്തനംതിട്ട : ദേശീയ സ്കൂൾ കായി​കമേളയുടെ ട്രാക്കി​ൽ അഭിമാനമായി മാറിയ ഹർഡിൽസ് താരം ജീവിത വഴിയിൽ കിതയ്ക്കുകയാണ്. അപ്രതീക്ഷിതമായി കടന്നുവന്ന രോഗം ശരീരത്തെ തളർത്തിയെങ്കിലും മനക്കരുത്ത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായി​രുന്നു 24 കാരിയായ അതുല്യ പി.സജി. 17 ദിവസം കോമയിൽ തുടർന്ന അതുല്യയ്ക്ക് തലച്ചോറിലുണ്ടായ അണുബാധയും പിന്നാലെ ശ്വാസകോശം ചുരുങ്ങുന്ന രോഗവും സമ്മാനി​ച്ചത് ലക്ഷങ്ങളുടെ കടമാണ്. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം കൊണ്ടുമാത്രം ചികിത്സ സാദ്ധ്യമായി​രുന്നി​ല്ല. സംസ്ഥാന സർക്കാർ മൂന്നുലക്ഷം രൂപ സഹായം അനുവദിച്ചിരുന്നു. നാൽപ്പത് ലക്ഷത്തോളം രൂപ ആശുപത്രിയിൽ മാത്രം ചെലവായി. എല്ലാ മാസവും ചെക്കപ്പി​ന് പോകണം, അതിന് തന്നെ 25000 രൂപയാകും.

കായികജീവിതത്തിലേക്കു തിരികെ വരാൻ ആഗ്രഹിച്ചെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ അലട്ടിയതോടെ പിൻമാറേണ്ടി വന്നു. ചരിത്രത്തിൽ നേടിയ ബിരുദമാണ് ആകെയുള്ള സമ്പാദ്യം. പമ്പാവാലി തുലാപ്പള്ളി പൊട്ടൻപറമ്പിൽ സജി - സിന്ധു ദമ്പതികളുടെ മകളാണ്.

400 മീറ്റർ ഹർഡിൽസിൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണ മെഡലും ദേശീയ സ്‌കൂൾ ഗെയിംസിൽ വെള്ളി മെഡൽ ജേതാവുമാണ് അതുല്യ പി.സജി.

തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലായിരുന്നു പഠനം.

സംസ്ഥാനതലത്തിൽ റെക്കാഡുകൾക്ക് ഉടമയാണ്.

വരുമാനം വേണം, കടങ്ങൾ വീട്ടണം
രോഗങ്ങളും പരിക്കുകളും കാരണം പിന്തള്ളപ്പെടുന്ന കായികതാരങ്ങൾക്കായി 2023ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ജോലിക്കായുള്ള ശ്രമത്തിലാണ് അതുല്യ. ചെറിയ പരിക്കുകൾ മൂലം കായികരംഗം വിട്ടവർക്കു പോലും ജോലി നൽകിയപ്പോൾ അതുല്യ ഗ്രൗണ്ട് വിട്ട കാലയളവും മറ്റു ചില സങ്കേതിക തടസങ്ങളും ചൂണ്ടിക്കാട്ടി അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയുമുണ്ട്.

ഒരു ജോലി ലഭിച്ചാൽ കുടുംബം രക്ഷപ്പെടും. പണമില്ലാത്തതിനാൽ പലപ്പോഴും ചെക്കപ്പിന് പോകാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും കായിക മന്ത്രിയും സഹായിക്കുമെന്നാണ് കരുതുന്നത്.

അതുല്യ പി.സജി,

കായിക താരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL