വള്ളിക്കോട് : പാടശേഖരത്തിലേക്ക് പുതിയ ട്രാക്ടർ പാലം വന്നത് കർഷകർക്ക് വലിയ ആശ്വാസമായി. പാടശേഖര സമിതികളുടെയും കർഷകരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. ട്രാക്ടർ പാസേജുകളും റാമ്പുകളും ഇല്ലാത്തത് മൂലം കർഷകർക്ക് തങ്ങളുടെ കാർഷിക യന്ത്രസാമഗ്രികളും ട്രാക്ടറുകളും പാടശേഖരത്തിലേക്ക് ഇറക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഇത് കൃഷി ഇറക്കുന്നതിനും വിളവെടുക്കുന്നതിനും വലിയ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. കാരുവേലിൽ ഏലായിലെ പുതിയ ട്രാക്ടർ പാലത്തിന്റെ പൂർത്തീകരണത്തോടെ കർഷകർക്ക് ട്രാക്ടറും യന്ത്ര സാമഗ്രികളും തടസമില്ലാതെ പാടശേഖരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.
500 ഹെക്ടർ പാടശേഖരം
അപ്പർ കുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന 9 വലിയ പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ ഏലാ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. ഇവിടെ ഇപ്പോൾ മുണ്ടകൾ കൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ട്രാക്ടർ പാലം വന്നതോടെ തരിശ് പാടങ്ങളും കൃഷിയോഗ്യമാക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |