രണ്ടു പ്രതികളെ വെറുതെവിട്ടു, മൂന്നാംപ്രതി ഇപ്പോഴും ഒളിവിൽ,
തൊണ്ടിമുതൽ വാങ്ങിയയാൾക്കും ഒന്നരവർഷം തടവ്
പത്തനംതിട്ട : മെഴുവേലി സഹകരണ ബാങ്ക് കവർച്ചാക്കേസിൽ നാലുപ്രതികൾക്ക് രണ്ടുവർഷവും 7 മാസവും കഠിന തടവും 7.10ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കേസിലെ ഒന്നാംപ്രതിയും കവർച്ചയുടെ മുഖ്യ സൂത്രധാരനുമായിരുന്ന മെഴുവേലി ആലക്കോട് പുത്തൻ പറമ്പിൽ വീട്ടിൽ വിനു, രണ്ടാംപ്രതി ഓമല്ലൂർ വാഴമുട്ടം പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ, നാലാംപ്രതി എടത്വ ആനപ്പറമ്പാൽ തെക്കുംമുറി നേത്യാര് പറമ്പിൽ സുധീഷ്, അഞ്ചാംപ്രതി തലവടി ചൂട്ടുമാലി പുത്തൻപറമ്പിൽ ഗിരീഷ് എന്നിവർക്കാണ് കഠിന തടവും പിഴയും ശിക്ഷിച്ചത്. മോഷണ മുതൽ വാങ്ങിയ ഏഴാം പ്രതി താമരക്കുളം പാണ്ടശ്ശേരിയിൽ ബിജു രാമകൃഷ്ണനെ ഒന്നര വർഷം തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചു. ആറാംപ്രതി കൃഷ്ണപുരം കാപ്പിൽ കിഴക്കുമുറി മരങ്ങാട്ട് വടക്കേതിൽ വീട്ടിൽ കിഷോർ (ഹാരിജോൺ), എട്ടാം പ്രതി മലയാലപ്പുഴ താഴം പൊതിപ്പാട് പുളിമൂട്ടിൽ വീട്ടിൽ മനു (മനോജ്) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കേസിലെ മൂന്നാംപ്രതി ഇപ്പോഴും ഒളിവിലാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ഡോ.ജോൺ വർഗീസാണ് ശിക്ഷ വിധിച്ചത്. മൂന്നുവർഷത്തിൽ കുറവ് ശിക്ഷ വിധിച്ചതിനാൽ പ്രതികൾക്ക് ജില്ലാ കോടതിയെ സമീപിക്കാൻ ഒരുമാസത്തേക്ക് ജാമ്യം നൽകി.
15 വർഷം മുമ്പ്
2011 ആഗസ്റ്റ് 21, 22 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഴുവേലി കുറിയാനിപ്പള്ളി ജംഗ്ഷന് സമീപം മലയടിവാരത്തെ ബഹുനില കെട്ടിടത്തിന്റെ രണ്ടാംനിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ ജനൽ പാളികളുടെ അഴികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് സംഘം ബാങ്കിനുള്ളിൽ കടന്നത്. ബാങ്കിന്റെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 4,19,000 രൂപയും 562.5 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ ഒരു കോടി രൂപയുടെ മുതലുകളാണ് മോഷ്ടിച്ചത്.
ഇപ്പോഴത്തെ പത്തനംതിട്ട ജില്ല അഡീഷണൽ എസ്.പിയും അന്നത്തെ പന്തളം സർക്കിൾ ഇൻസ്‌പെക്ടറുമായ ആർ.ജയരാജ് തുടങ്ങിവച്ച അന്വേഷണം പന്തളം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ഇപ്പോഴത്തെ ഡിവൈ.എസ്.പി നന്ദകുമാറാണ് പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അടൂർ ഡിവൈ.എസ്.പിയായിരുന്ന അനിൽദാസിന്റെ മേൽനോട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ അജി സാമുവൽ, പ്രസന്നൻപിള്ള, സന്തോഷ്, വിനോദ് എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണ വേളയിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രഞ്ജീം ഇസ്മായിൽ കോടതിയിൽ ഹാജരായി. നാല് കിലോയോളം സ്വർണവും പണത്തിന്റെ നല്ലൊരു ഭാഗവും പ്രതികളിൽ കണ്ടെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |