തടിയൂർ : കുടിവെള്ള ക്ഷാമം രൂക്ഷമായ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ സംരക്ഷണ മില്ലാതെ നശിക്കുന്നത് നിരവധി ബ്ലോക്കു കിണറുകൾ. സംസ്ഥാന സർക്കാർ കുടിവെള്ളം ലഭ്യമാക്കാൻ 1967ൽ ആവിഷ്‌കരിച്ച ജനകീയ പദ്ധതിയാണ് ബ്ലോക്ക് കിണർ. സ്വകാര്യ വ്യക്തികൾ സർക്കാരിലേക്ക് എഴുതി നൽകുന്ന രണ്ടര സെന്റ് സ്ഥലത്താണ് ബ്ലോക്ക് കിണറുകൾ നിർമ്മിച്ചിരുന്നത്. വ്യക്തികൾ സൗജന്യമായി നൽകുന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ ശുപാർശ പ്രകാരം സർക്കാർ കിണർ നിർമ്മിക്കാൻ പണംനൽകും. ഇതുപയോഗിച്ച് കരിങ്കല്ല് ഉപയോഗിച്ചാണ് വിസ്ഥാരമുള്ള കിണറുകൾ നിർമ്മിച്ചിരുന്നത്. ഈ കിണറിന് ചുറ്റും നിന്ന് ഒന്നിലധികം ആളുകൾക്ക് വെള്ളം കോരി എടുക്കാം. മാത്രമല്ല കിണറിന് സമീപം കല്ലിൽ നിർമ്മിച്ച ജലസംഭരണിയും തുണി കഴുകുന്നതിനായി കല്ലുകളും സ്ഥാപിച്ചിരുന്നു. ശുദ്ധജല ലഭ്യത തീരെ കുറഞ്ഞ എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ തെള്ളിയൂർ ഉൾപ്പെടെ 18ൽപ്പരം പൊതു കിണറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ തെള്ളിയൂർ നടുവിലെ എൻ.എസ്.എസ്.പടി, തെള്ളിയൂർക്കാവ് കാണിക്ക മണ്ഡപം, പഞ്ചായത്തുപടി, കച്ചിറക്കൽപ്പടി തുടങ്ങി ഏതാനും പ്രദേശങ്ങളിലെ കിണറുകൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഈ കിണറുകളിൽ വർഷം മുഴുവൻ ഇപ്പോഴും സുലഭമായി ജലം ലഭിക്കുന്നുണ്ട്.
59വർഷം മുൻപ് നടപ്പിലാക്കിയ പദ്ധതി
59വർഷം മുൻപ് നടപ്പിലാക്കിയ ബ്ലോക്ക് കിണറിൽ നിന്നും നൂറുകണക്കിന് ആളുകളാണ് നിത്യേന ശുദ്ധജലം സംഭരിച്ചിരുന്നത്. അക്കാലത്ത് ഒരു കിണറിന്റെ രണ്ടുമുതൽ രണ്ടര കിലോമീറ്റർ ചുറ്റളവിൽ നിന്നുപോലും കുടിവെള്ളം സംഭരിക്കുവാൻ ആളുകൾ എത്തിയിരുന്നു.
................................................
ജൽ ജീവൻ മിഷൻ ഉൾപ്പടെ ജല അതോറിറ്റി കുടിവെള്ളമെത്തിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും ഇന്നും കുടിവെള്ളം കിട്ടാക്കനിയാണ്. സ്വകാര്യ വ്യക്തികൾ കൈയേറി കിണറുകൾ തിരിച്ചെടുക്കുകയും ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് വൃത്തിയാക്കുകയും ചെയ്താൽ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ കഴിയും
കൃഷ്ണകുമാർ
പൊതു പ്രവർത്തകൻ
...............................................
ബ്ലോക്കുകിണറുകൾ നിർമ്മിച്ചത്: 1967ൽ
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് കിണറുകളുടെ എണ്ണം; 18
....................................................
കൈയേറ്റം കാരണം കാടുകയറിയും സംരക്ഷണമില്ലാതെയും നശിക്കുന്നത്
വർഷം മുഴുവൻ സുലഭമായി ശുദ്ധജലം ലഭിച്ചിരുന്ന കിണറുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |