ചെങ്ങന്നൂർ: പുലിയൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണം നിലച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു. കെട്ടിടത്തിന്റെ വാർപ്പ് പൂർത്തിയായശേഷം തുടർപ്രവർത്തനങ്ങൾ നിലച്ചതോടെ പരിസരം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി. വില്ലേജ് ഓഫീസ് ഇപ്പോൾ എവിടെയാണ് പ്രവർത്തിക്കുന്നതെന്നുപോലും അറിയാതെ ജനങ്ങൾ ദുരിതത്തിലാണ്. നിർമ്മാണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയസമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. 2018ലെ പ്രളയത്തിൽ പുലിയൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിൽ പകുതിയോളം വെള്ളം കയറി ബലക്ഷയം സംഭവിച്ചതിനെത്തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് അനുമതി ലഭിക്കുകയും ചെയ്തു. ഏകദേശം 44 ലക്ഷം രൂപയുടെ ഭരണാനുമതി അനുമദി ലഭിക്കുകയും ചെയ്തു. അതേസമയം വില്ലേജ് ഓഫീസ് നിലവിൽ താത്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനായി പ്രതിമാസം 10,000 രൂപ വാടക നൽകുന്നുണ്ട്. വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റിയ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിയിപ്പ് ലഭിക്കാത്തതും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
കരാറുകാരന് പണം നൽകിയില്ല
നിർമ്മാണച്ചുമതല നിർമ്മിതി കേന്ദ്രത്തിനാണ് നൽകിയത്. കഴിഞ്ഞ ആറുമാസത്തിലേറെയായി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നില്ല. ഏകദേശം 60 ശതമാനം നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ 30ശതമാനം തുക മാത്രമാണ് കരാറുകാരന് ലഭിച്ചത്. ബാക്കി തുക ലഭിക്കാത്തതാണ് നിർമ്മാണം പൂർത്തിയാക്കുന്നതിന് തടസമെന്നാണ് വിവരം.
......................................................................
റവന്യൂ അധികൃതരും പഞ്ചായത്ത് ഭരണസമിതിയും അടിയന്തരമായി ഇടപെട്ട് നിർമ്മാണം പൂർത്തിയാക്കണം. നടപടി ഉണ്ടായില്ലെങ്കിൽ നാട്ടുകാർ സമരത്തിലേക്ക് നീങ്ങും.
രമേശ് പെരിശേരി
(പ്രദേശവാസി)
...........................................
താത്കാലിക വില്ലേജ് ഓഫീസ് തപ്പിനടന്ന് നാട്ടുകാർ
.............................................................................................
@കാടുപിടിച്ചു, സാമൂഹ്യവിരുദ്ധരുടെ താവളം
@പൂർത്തിയായത് 60 % നിർമ്മാണം
@അനുവദിച്ചത് 44 ലക്ഷം
@കരാറുകാരന് കൊടുത്തത് 30 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |