
തിരുവല്ല: പ്രഭാത സവാരിക്കിറങ്ങിയ യുവാവിന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലെ ജീവനക്കാരനായ പെരിങ്ങര കൊച്ചുപുരയ്ക്കൽ വീട്ടിൽ രഞ്ജി വി.തോമസിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആറിന് പെരിങ്ങര - ചാത്തങ്കരി റോഡിലെ വന്ദനപ്പടിക്ക് സമീപത്താണ് സംഭവം. കുരച്ച് പാഞ്ഞടുത്ത നായ നടന്നുപോകുകയായിരുന്ന രഞ്ജിക്ക് മേൽ ചാടി വീഴുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് കടിയേറ്റതോടെ നായയെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെ ഇടത് കൈത്തണ്ടക്കും കടിയേറ്റു. നായയുമായുള്ള മൽപ്പിടുത്തത്തിനിടെ നിലത്തുവീണ് വയറിന് താഴെയും രഞ്ജിക്ക് പരിക്കേറ്റു. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ യാത്രികർ വാഹനം നിറുത്തി ബഹളം വച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ രഞ്ജി ബന്ധുക്കളുടെ സഹായത്തോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പെരിങ്ങരയിലും പരിസരങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |