SignIn
Kerala Kaumudi Online
Saturday, 19 September 2026 6.40 PM IST

വാക്സിനെടുക്കാൻ തിരക്ക്

vacci
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇന്നലെ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാനെത്തിയവരുടെ തിരക്ക്‌

കോഴഞ്ചേരി: കൊവിഡ് വാക്സിൻ വിതരണം കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ നടപടിയിലും തിരക്ക്. ഒട്ടേറെ പേർ കഴിഞ്ഞ ദിവസം മുതൽ ഈ സൗകര്യം പ്രയോജനപ്പെടുത്തിത്തുടങ്ങി. വാക്സിൻ രണ്ടാംഡോസിനും കൊവിഡ് പോർട്ടൽ വഴിയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. എന്നാൽ ആശുപത്രിയിൽ വാക്സിൻ എടുക്കാനെത്തുന്ന വയോധികർക്കും മറ്റും പേപ്പറിൽ എഴുതി നൽകുന്ന ടോക്കണുകൾ ജില്ലയിലെ ചില പി.എച്ച്.സികളിൽ നൽകുന്നുണ്ട്. വാക്സിൻ എടുക്കുന്നതിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രണ്ട് ദിവസമായി നല്ല തിരക്കാണ്. ഇന്നലെ പുലർച്ചെ തന്നെ ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ക്യു പ്രത്യക്ഷപ്പെട്ടു. 2 മണിക്കൂർ വരെ കാത്തുനിന്ന ശേഷമാണ് വയോധികർ ഉൾപ്പെടെയുള്ളവർക്ക് ടോക്കൺ ലഭിച്ചത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ദിവസവും ശരാശരി 250 പേർക്ക് വീതം കൊവിഡ് വാക്സീൻ നൽകുന്നുണ്ട്. പഞ്ചായത്തുകളിലെ പി.എച്ച്.സികൾ വഴി 100 ൽ അധികം പേർക്കും വാക്സിൻ വിതരണം ചെയ്യുന്നു. ഹൈബ്രിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ഇതര ചികിത്സകൾക്കുള്ള ഒ.പി മാത്രമെ പ്രവർത്തിക്കുന്നുള്ളു. കൊവിഡിന്റെ രണ്ടാംതരംഗം വ്യാപകമായതോടെയാണ് ജില്ലാ ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയായി മാറിയത്. ഇന്നലെ വരെ 170 കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചു. 196 കിടക്കകൾ ഇതുവരെ ക്രമീകരിച്ചു. കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുദിനം വർദ്ധിച്ചു വരുന്ന തിരക്ക് കാരണം കുത്തിവയ്പ് എടുക്കാനെത്തുവരും കൊവിഡ് ബാധിതരാകുമോ എന്ന ആശങ്കയുമുണ്ട്. ടോക്കൺ എടുക്കുന്നതിന് തിക്കുംതിരക്കും കൂട്ടുന്നത് രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടുമോ എന്ന ആധിയിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ. ആശുപത്രികളിൽ എത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം അത്യാവശ്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും പി.എച്ച്.സികളിൽ വാക്സിനേഷൻ പൂർണ്ണമായും ആരംഭിച്ചാൽ ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ എത്തുന്നവരുടെ തിരക്ക് കുറയ്ക്കാൻ കഴിയും. ഇതുവഴി പഞ്ചായത്തുകളിൽ ഉള്ളവർക്ക് അതത് പി.എച്ച്.സികളിൽ എത്തി തിരക്കില്ലാതെ വാക്സിൻ സ്വീകരിക്കാൻ സാധിക്കും.

" കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിലവിൽ വാക്സീൻ ക്ഷാമമില്ല.കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രി പൂർണതോതിൽ സജ്ജമാണ്. മികച്ച രീതിയിലുള്ള പരിചരണമാണ് ആശുപത്രിയിൽ നൽകുന്നത്.

( ഡോ. ജയ്സൺ തോമസ്,

കൊവിഡ് നോഡൽ ഓഫീസർ,

ജില്ലാ ആശുപത്രി, കോഴഞ്ചേരി )

വാക്‌സിനേഷന് രജിസ്റ്റർ ചെയ്യുന്നവിധം
മൊബൈൽ ഫോണിൽ ഗൂഗിൾ സെലക്ട് ചെയ്യുക. Cowin.gov.in എന്ന് ടൈപ്പ് ചെയ്ത് സേർച്ച് ചെയ്യുക. co-win പോർട്ടൽ സെലക്ട് ചെയ്യുക. Register/Sign in yourself സെലക്ട് ചെയ്യുക. മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. മൊബൈലിൽ ലഭിക്കുന്ന OTP എന്റർ ചെയ്യുക. Verify ചെയ്യുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL