SignIn
Kerala Kaumudi Online
Friday, 18 September 2026 6.23 PM IST

കോന്നി മെഡിക്കൽ കോളേജ് : മൈനർ ഒാപ്പറേഷൻ തീയറ്റർ സജ്ജമാകുന്നു

konni

കോന്നി: മെഡിക്കൽ കോളേജിലെ ഉദ്ഘാടനത്തിനൊരുങ്ങുന്ന മൈനർ ഒാപ്പറേഷൻ തീയറ്ററിലെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു. ഇൗ മാസം 11ന് നിശ്ചയിച്ചിരുന്ന ഉദ്ഘാട‌നം നിപ വൈറസ് പ്രതിരോധത്തിന് മേൽനോട്ടം വഹിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രിയും പ്രധാന ഉദ്യോഗസ്ഥരും കോഴിക്കോട് ആയതിനാൽ നീട്ടി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഡോക്ടർമാരുടെ നിയമനം അടക്കം ഉത്തരവ് ഇറങ്ങാനുണ്ട്.

മൈനർ ഒാപ്പറേഷൻ തീയറ്ററിൽ ബ്ളഡ് സ്റ്റോറേജ് സംവിധാനം അടുത്ത ദിവസം ഏർപ്പെടുത്തും. ആധുനിക സംവിധാനങ്ങളോടെ എമർജൻസി മെഡിക്കൽ യൂണിറ്റായാണ് അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നത്.

അത്യാഹിതത്തിൽ നാല് വിഭാഗങ്ങൾ

റെഡ്, യെല്ലോ, ഗ്രീൻ, ബ്ളാക്ക് എന്നീ നാലു വിഭാഗങ്ങൾ അത്യാഹിതത്തിൽ ഉണ്ടാകും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും ക്ഷതമേറ്റിട്ടുള്ളവർ ഉൾപ്പടെയുള്ള രോഗികളെ യെല്ലോയിലേക്കും തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കും മാറ്റും. മരണാസന്നരാവരെയാണ് ബ്ളാക്കിൽ ഉൾപ്പെടുത്തുന്നത്.

സി.ടി, എം.ആർ.ഐ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഫണ്ട് ലഭിച്ചു. ഓപ്പറേഷൻ തിയറ്ററിലെ അനസ്‌തേഷ്യാ വർക്ക് സ്റ്റേഷൻ, ഓപ്പറേഷൻ ടേബിൾ, ഷാഡോ ലെസ് ലൈറ്റ്, ഡയാടെർമി, ഡീസിബ്രിലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. ഐ.സി.യുവിൽ നാല് വെന്റിലേറ്റർ, 12 ഐ.സി.യു ബെഡ്, 50 ഓക്‌സിജൻ കോൺസൺട്രേറ്റർ, മൂന്ന് കാർഡിയാക്ക് മോണിറ്റർ, ബെഡ് സൈഡ് ലോക്കർ, ബെഡ് ഓവർ ടേബിൾ തുടങ്ങിയവയും എത്തിയിട്ടുണ്ട്.

വിദ്യാർത്ഥി പ്രവേശനത്തിന് ഇൗ മാസം അനുമതി തേടും

മെഡിക്കൽ കോളേജിലേക്ക് വിദ്യാർത്ഥി പ്രവേശനത്തിന് അനുമതി തേടി 30നകം അഖിലേന്ത്യ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകുമെന്ന് ജനീഷ് കുമാർ പറഞ്ഞു. ഡിസംബറോടെ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തി തീരുമാനം അറിയിക്കും. അനുമതി ലഭിച്ചാൽ അടുത്ത അദ്ധ്യയനവർഷം ഒന്നാംവർഷ എം.ബി.ബി.എസ് പ്രവേശനം നടത്തും. അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റൽ, ക്വാർട്ടേഴ്‌സുകൾ എന്നിവ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനായി 218 കോടി രൂപ അനുവദിച്ചു. ജഗൻ ഗ്രൂപ്പ് നിർമാണ പ്രവർത്തനങ്ങൾ കരാർ ഏറ്റെടുത്തിട്ടുണ്ട്.

റോഡിന് 14 കോടി

കോന്നി മുരിങ്ങമംഗലം മുതൽ വളവുകളും കയറ്റിറക്കങ്ങളുമുള്ള റോഡിന് ഇരുവശവും ഏറ്റെടുത്ത് വീതി കൂട്ടി നാലുവരി പാതയാക്കും. ഇതിന് 14 കോടി അനുവദിച്ചു. നിലവിലെ റോഡിലൂടെ അത്യാഹിതത്തിൽപെട്ട രോഗികളുമായി മെഡിക്കൽ കോളേജിൽ എത്തുന്നത് ബുദ്ധിമുട്ടാണ്.

മൈനർ ഒാപ്പറേഷൻ തീയറ്റർ ഉദ്ഘാടനം നീട്ടി

ആദ്യഘട്ടത്തിൽ സജ്ജമാക്കിയ കിടക്കകൾ : 300

ഐ.പിക്കായി ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ : 120

ഓക്‌സിജൻ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നു.

പ്രതിദിനം ശരാശരി 300 രോഗികൾ ഒ.പിയിൽ എത്തുന്നു.

ഡോ.എസ്.സജിത് കുമാർ,

മെഡിക്കൽ കോളജ് സൂപ്രണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL