തിരുവനന്തപുരം: പാപ്പനംകോട് ഇൻഷ്വറൻസ് കമ്പനി ഏജൻസി ഓഫീസിൽ വൈഷ്ണയും രണ്ടാം ഭർത്താവ് ബിനുവും കത്തിയെരിഞ്ഞതിനു പിന്നിലെ സംഭവവികാസങ്ങൾ സിനിമാക്കഥപോലെ നാടകീയം. പ്രതിസന്ധിഘട്ടത്തിൽ ഒന്നാകാൻ തീരുമാനിച്ചവർക്കിടയിലുള്ള ഭിന്നതകളാണ് നാടിനെ നടുക്കിയ കൃത്യത്തിലേക്ക് നയിച്ചത്. അഞ്ച് വർഷം മുൻപാണ് വൈഷ്ണ ആദ്യ ഭർത്താവ് മൊട്ടമൂട് സ്വാതി നഗർ സ്വദേശി രതീഷുമായുള്ള ബന്ധം പിരിഞ്ഞത്. ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായപ്പോൾ പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയതാണ് രതീഷിന്റെ സുഹൃത്തായ ബിനു. എന്നാൽ ഇരുവരും അടുപ്പത്തിലായി. ആദ്യബന്ധം വേർപ്പെടുത്തിയ ശേഷം വൈഷ്ണ രണ്ടു മക്കളുമായി ബിനുവിനൊപ്പം ജീവിക്കാൻ തുടങ്ങി. ആരുമറിയാതെ ഇരുവരും ഏറെക്കാലം മുന്നോട്ടുപോയി.
അടുത്തകാലത്താണ് ഇവർ തമ്മിൽ ഒരുമിച്ചാണെന്ന് ഇരുവരുടെയും വീട്ടുകാർ അറിഞ്ഞത്. ഇതോടെ ബിനുവിന്റെ അമ്മ സരോജം വൈഷ്ണയുടെ മക്കളെ കാണാൻ സാധനങ്ങളുമായി വല്ലപ്പോഴും എത്തിയിരുന്നു. ബിനുവിന്റെ പഴയ വീടിനോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ വീട്ടിലേക്ക് എത്താമെന്ന് വൈഷ്ണ സമ്മതിച്ചിരുന്നെങ്കിലും
മാസങ്ങൾക്ക് മുമ്പ് അകന്നതോടെ ഇനി അങ്ങോട്ടേക്കില്ലെന്ന് വൈഷ്ണ നിലപാടെടുത്തു.
ഇതേ തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി.വൈഷ്ണ ജോലി ചെയ്യുന്ന സ്ഥലത്തെത്തി ബിനു മൂന്നുവട്ടം ഭീഷണിപ്പെടുത്തി. ഇതോടെ വൈഷ്ണ നേമം പൊലീസിൽ പരാതി നൽകി.പൊലീസ് ബിനുവിനെ വിളിച്ചുവരുത്തി ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയാണ് വിട്ടത്.എന്നാൽ ഇതിനിടെ ബന്ധം നിയമപരമായി പിരിയാൻ വൈഷ്ണ നടപടി തുടങ്ങിയതാണ് ബിനുവിനെ പ്രകോപിപ്പിച്ചതും തീവയ്പിൽ കലാശിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |