
മാന്നാർ : കസ്റ്റഡി വാഹനം തിരികെ കിട്ടാനായി മാന്നാർ സ്റ്റേഷനിലെത്തിയ ഭിന്നശേഷിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി. സി.പി.എം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗവും ഭിന്നശേഷി സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറിയുമായ ഉളുന്തി പൂങ്കോയിക്കൽ വീട്ടിൽ എസ്.ഹരികുമാറിനെ (56) മാന്നാർ എസ്.എച്ച്.ഒ എ.അനീഷ്, എസ്.ഐ അഭിരാം എന്നിവർ ചേർന്ന് മർദ്ദിച്ചതായിട്ടാണ് പരാതി. ഹരികുമാറിന്റെ വീടിന് സമീപത്തുള്ള യുവാവിന്റെ ബൈക്ക് പരുമല പെരുന്നാൾ ദിനമായ രണ്ടിന് മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് തിരികെ കിട്ടാനായി പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ രാവിലെ 10ന് ഹരികുമാറും പഞ്ചായത്ത് അംഗമായ സുജാതയും മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എസ്.ഐ യുടെ മുറിയിലേക്ക് കയറിയ ഇരുവരെയും എസ്.ഐ അസഭ്യം പറയുകയും ഭിന്നശേഷിക്കാരനായ ഹരികുമാറിനെ മർദ്ദിക്കുകയും തുടർന്ന് എസ്.എച്ച്.ഒ അസഭ്യം പറഞ്ഞ് പുറത്ത് അടിച്ചെന്നുമാണ് പരാതി. പിന്നീട് എസ്.എച്ച്.ഒ യും എസ്.ഐയും ചേർന്ന് മുറിക്ക് വെളിയിലേക്ക് തള്ളിയിട്ടു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഹരികുമാർ മാവേലിക്കര ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എസ്.എച്ച്.ഒ അനീഷിനെതിരെ ഡി.എ.ഡബ്ല്യു.എഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |