SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

ചെളിയും കാടും നിറഞ്ഞ് കരമന എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ട്

karamana

തിരുവനന്തപുരം: കരമന ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് കളിക്കാനുണ്ടായിരുന്ന വിശാലമായ ഗ്രൗണ്ട് ചെളിയും കാടും നിറഞ്ഞ് നശിക്കുന്നതായി പരാതി. സ്കൂളിൽ മുൻപുണ്ടായിരുന്ന വലിയ ഗ്രൗണ്ടിനാണ് ഈ ദുരവസ്ഥ.സ്കൂൾ കോമ്പൗണ്ടിന് പിന്നിലായി നഗരസഭ പുതുതായി പണിയുന്ന കരിയർ ഗൈഡൻസ് സെന്റർ കെട്ടിടത്തിന്റ ജോലികൾ തുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.പി.ഡബ്ല്യു.ഡിയുടെ ജോലികൾക്കായി സാധനങ്ങൾ കൊണ്ടിറക്കുന്നതിനാൽ സ്കൂൾ കോമ്പൗണ്ട് മുഴുവൻ നിലം ഉഴുതതുപോലെ ഇളകിമറിഞ്ഞ് ചെളിപ്പൂരമായി കിടക്കുകയാണ്. ബാക്കിയുള്ള സ്ഥലമാകെ പുല്ല് പടർന്ന് കാടുകയറിയ നിലയിലും. മഴ സമയത്ത് കുട്ടികൾക്ക് പുറത്തേക്കിറങ്ങാനേ കഴിയില്ല.സ്കൂൾ ഗ്രൗണ്ട് എത്രയുംവേഗം വൃത്തിയാക്കി തങ്ങളുടെ കളിസ്ഥലം തിരികെ തരണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ശോചനീയാവസ്ഥയിൽ

കഴിഞ്ഞ ദിവസം സ്കൂളിന്റെ പഴകിയ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ചെറിയ ഭാഗം അടർന്നു വീണിരുന്നു. അതിന് താഴെയിരുന്ന കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതുസംബന്ധിച്ച് സ്കൂൾ പി.ടി.എ പ്രസിഡന്റ് നഗരസഭയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

മലിനജലവും കോമ്പൗണ്ടിലേക്ക്

സ്കൂളിന്റെ കോമ്പൗണ്ടിനോടു ചേർന്നുള്ള ഹൈവേയിലെ ചില റെസ്റ്റോറന്റുകളിൽ നിന്നുള്ള മലിനജലവും മാലിന്യവും സ്കൂൾ കോമ്പൗണ്ടിലേക്ക് ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. ഇതിന്റെ ദുർഗന്ധം കാരണം ക്ലാസിൽ പോലും ഇരിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

സ്കൂളിലെ അറ്റകുറ്റപ്പണികൾ നഗരസഭ ഉടനടി ചെയ്യണം.കുട്ടികൾക്ക് കളിസ്ഥലം വൃത്തിയാക്കി നൽകണം. മലിനജലം ഒഴുക്കിവിടുന്ന ഉറവിടം കണ്ടെത്തി പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം.

രഞ്ജിത്.എസ്,സ്കൂൾ പി.ടി.എ പ്രസിഡന്റ്

ക്യാപ്ഷൻ: ചെളിപ്പൂരമായിക്കിടക്കുന്ന കരമന ഗവ.എച്ച്.എസ്.എസ് സ്കൂൾ ഗ്രൗണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL