
പാറശാല: തീരദേശത്തേക്കുള്ള പ്രധാന അതിർത്തി റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലും അപകടക്കുഴികൾ അടയ്ക്കുന്നതിനോ ടാർ ചെയ്യുന്നതിനോ അധികാരികൾ തയ്യാറാകുന്നില്ല. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയെ കാരോട്-കഴക്കൂട്ടം ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്ന കളിയിക്കാവിള പി.പി.എം ജംഗ്‌ഷൻ മുതൽ ചെങ്കവിള വരെയുള്ള ഭാഗമാണ് തകർന്ന് തരിപ്പണമായത്. നാഗർകോവിൽ ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ കളിയിക്കാവിള പി.പി.എം ജംഗ്‌ഷനിൽ എത്തിയശേഷം അതിർത്തിറോഡുവഴി ചെങ്കവിള ഭാഗത്ത് നിന്നും ബൈപ്പാസ് റോഡിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
കേരളത്തിനും തമിഴ്‌നാടിനും പ്രാധാന്യമുള്ളതും അതിർത്തിയിലൂടെ കടന്നുപോകുന്ന തീരദേശത്തേക്കുള്ള റോഡ് എന്നതിന് പുറമെ തമിഴ്‌നാട്ടിൽ നിന്നും ദേശീയപാതയിലൂടെയെത്തുന്ന വാഹനങ്ങൾക്ക് ഗതാഗത കുരുക്കിൽപ്പെടാതെ കാരോട്-കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ പെട്ടെന്ന് തിരുവനന്തപുരത്തേക്കെത്താനാകും എന്നതാണ് റോഡിലെ തിരക്കിനും തകർച്ചക്കും കാരണം.
തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് പുറമെ അമിതഭാരം കയറ്റിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും കഴക്കൂട്ടത്തേക്കും മറ്റും എത്തുന്നത് ബൈപ്പാസ് റോഡിലൂടെയാണ്.
അപകടങ്ങൾ പതിവാകുന്നു
നിരന്തരമുള്ള വാഹനങ്ങളുടെ ഗതാഗതം റോഡിന്റെ തകർച്ചയ്ക്ക് കാരണമായത് കാരണം രൂപപ്പെട്ട കുഴികൾക്ക് പുറമെ ജലജീവൻ പദ്ധതിപ്രകാരമുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി റോഡിന്റെ വശങ്ങളിൽ കുഴിയെടുത്തത് കൃത്യമായി മൂടാതായതോടെ തകർന്ന റോഡ് കൂടുതൽ അപകടകരമാകുന്നതിനും കാരണമായി. ഇപ്പോൾ ബൈപ്പാസ് റോഡിലൂടെ ബന്ധിപ്പിക്കുന്നതുമായ കളിയിക്കാവിള-കൊല്ലങ്കോട് റോഡിന്റെ ചെങ്കവിള രണ്ട് കിലോമീറ്ററോളം വരുന്ന ഭാഗമാണ് തകർന്ന് തരിപ്പണമായിട്ട് അവശേഷിക്കുന്നത്. റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സഞ്ചാരയോഗ്യമാക്കാത്തത് കാരണം അപകടങ്ങൾ പതിവാകുകയാണ്.
പരിഹാരമുണ്ടാക്കണം
റോഡ് തകർച്ചക്കെതിരെ നാട്ടുകാർ കുഴികളിൽ വാഴനട്ടും പ്രതിഷേധ പ്രകടനവും യോഗവും ധർണയും നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതരെത്തി താത്കാലികമായി കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഴികൾ വീണ്ടും രൂപപ്പെട്ടുതുടങ്ങി. മഴപെയ്താൽ കുഴികൾ കൂടുതൽ അപകടമുണ്ടാക്കും. വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ സന്ധ്യകഴിഞ്ഞാൽ റോഡിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടാണ്. അതിർത്തിയിലൂടെയുള്ള റോഡാണെങ്കിലും കേരള സർക്കാരിന്റെ പി.ഡബ്ള്യു.ഡി വിഭാഗമാണ് കാലങ്ങളായി റോഡിന്റെ ടാറിംഗും മറ്റു അറ്റകുറ്റപ്പണികളും നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |