
കയ്പമംഗലം: വ്യാജ സ്വർണാഭരണം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി കാട്ടകത്ത് ബഷീർ ബാബു (49), പറവൂർ ചേന്ദമംഗലം സ്വദേശി ചെട്ടിപ്പറമ്പിൽ ഗോപകുമാർ (54), മേത്തല സ്വദേശി വാലത്തറ വീട്ടിൽ രാജേഷ് (47) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
എടത്തിരുത്തി കിസാൻ സർവീസ് സഹകരണ ബാങ്കിൽ 18 തവണയായി 315 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷം തട്ടിയെടുത്ത കേസിൽ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് ബഷീറിനെ (47) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏഴോളം ധനകാര്യ സ്ഥാപനങ്ങൾ കൂടി ഇയാൾക്കെതിരെ പരാതി നൽകി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.
പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിർമ്മിക്കുന്ന വ്യാജ സ്വർണാഭരണങ്ങളാണ് ഇവർ പണയപ്പെടുത്തിയത്. ഒരു പവൻ തൂക്കം വരുന്ന വള പന്ത്രണ്ടായിരം രൂപ കൊടുത്താണ് കൊണ്ടുവരുന്നത്. ഇവിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് ഒരു കോടിയിലധികം രൂപ ഇവർ തട്ടിയതായി പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ഇവർ ചീട്ടുകളിക്കും മറ്റുമായി ഉപയോഗിച്ചു. വ്യാജസ്വർണം നിർമ്മിക്കുന്ന സംഘത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്നും, ഇവർക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
രാജേഷിന് വിവിധ സ്റ്റേഷനിലായി പതിമൂന്നോളം കേസുണ്ട്. ബഷീർ ബാബുവിനെതിരെയും സമാനകേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. റൂറൽ എസ്.പി ബി.കൃഷ്ണ കുമാറിന്റെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്‌പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ കെ.എസ്.സൂരജ്, ഹരിഹരൻ, എ.എസ്.ഐ മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |