SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

വിഴിഞ്ഞം വികസനം 'മുന്ദ്ര' മോഡലിൽ

vizinjam

തിരുവനന്തപുരം: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തികമേഖല (സെസ്) വികസിപ്പിക്കുമെന്ന അദാനിയുടെ പ്രഖ്യാപനം തലസ്ഥാനത്തിന് പ്രതീക്ഷ പകരുന്നു.ഗുജറാത്തിന്റെ വികസനത്തിൽ നിർണായകമായി മാറിയത് മുന്ദ്ര തുറമുഖമാണ്.പ്രതിവർഷം 32000കോടി രൂപയുടെ നികുതി വരുമാനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.

തുറമുഖത്തോട് അനുബന്ധമായുള്ള അമ്പതിലേറെ വൻകിട വ്യവസായശാലകളിൽ ഒന്നരലക്ഷത്തിലേറെ പേർക്ക് തൊഴിൽ ലഭിക്കുന്നുണ്ട്.സമാനമായ വികസനമാവും തുറമുഖത്തോടനുബന്ധിച്ച് പ്രത്യേക സാമ്പത്തികമേഖല വന്നാൽ തലസ്ഥാനത്തും ലഭിക്കുക.

വിമാനത്താവളത്തിന്റെ സാദ്ധ്യത കൂടി പ്രയോജനപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തെ സമുദ്ര, വ്യോമ മാർഗമുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുമെന്നും അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലം വിമാനത്താവള നടത്തിപ്പ് അദാനിക്കാണ്. വിമാനത്താവളത്തിൽ 1300കോടി ചെലവിൽ 3വർഷം കൊണ്ട് 1.2കോടി യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന പുതിയ ടെർമിനൽ അദാനി നിർമ്മിക്കുന്നുണ്ട്.ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിന് സമീപം അദാനി പുതിയ കാർഗോ ടെർമിനലും തുറന്നിട്ടുണ്ട്. 600ചതുരശ്രമീ​റ്റർ വിസ്തീർണവും പ്രതിവർഷം 3500 മെട്രിക് ടണ്ണിൽ കൂടുതൽ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുമുള്ളതാണ് ടെർമിനൽ. തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കം കൂടി ലക്ഷ്യമിട്ടാണിത്.

മുന്ദ്ര തുറമുഖത്തേക്കാൾ അദാനിക്ക് പ്രതീക്ഷയുള്ളത് വിഴിഞ്ഞത്താണ്. 7മാസംകൊണ്ട് ദക്ഷിണേഷ്യയിലെ തിരക്കേറിയ തുറമുഖമായി വിഴിഞ്ഞം മാറിയിട്ടുണ്ട്.ഇന്ത്യയിലെ ഒരു തുറമുഖവും പ്രവർത്തനമാരംഭിച്ച ആദ്യ വർഷത്തിനകം ഒരു ദശലക്ഷം ടിഇയു കാർഗോ കൈകാര്യം ചെയ്തിട്ടില്ല. ഇത് വിഴിഞ്ഞത്തിന്റെ അപാരമായ സാദ്ധ്യതകളാണ് തുറന്നുകാട്ടുന്നത്. മുന്ദ്രയ്ക്ക് 17മീറ്ററാണ് ആഴമെങ്കിൽ വിഴിഞ്ഞത്ത് 20മീറ്റർ സ്വാഭാവിക ആഴമുണ്ട്. അന്താരാഷ്ട്ര കപ്പൽചാലിന് പത്ത് നോട്ടിക്കൽമൈൽ അടുത്തുമാണ്. ലോകത്തെ ഏറ്റവും വലിയ കപ്പലുകളും വിഴിഞ്ഞത്ത് അനായാസം അടുപ്പിക്കാം. കൂറ്റൻ കപ്പലുകൾ നിലവിൽ കൊളംബോയിലേക്കും യു.എ.ഇയിലെ ജെബൽഅലിയിലേക്കുമാണ് പോവുന്നത്. ഇവയെല്ലാം വിഴിഞ്ഞത്തേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ.

40 വർഷം, വരുമാനം

2.15ലക്ഷം കോടി

നാലുഘട്ടങ്ങളും 2028 ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45ലക്ഷം കണ്ടെയ്നറുകളായി ഉയരും.

ഇതോടെ 40വർഷത്തെ കരാർ കാലയളവിൽ വരുമാനം 2,15,000 കോടിയായി ഉയരും. 48,000​കോ​ടി​ ​സംസ്ഥാനത്തിന് ​കി​ട്ടും.

തുറമുഖത്തോടനുബന്ധിച്ച് 22 മുൻഗണനാ വ്യവസായങ്ങളുണ്ടാവും. 5ഫോക്കസ് ഏരിയാകളിലാവും നിക്ഷേപങ്ങൾ.

ഡിഫൻസ് - സ്പേസ് മാനുഫാക്ചറിംഗ്,ഇലക്ട്രോണിക്സ്,ഫാർമസ്യൂട്ടിക്കൽസ്,മെഡിക്കൽ ഉപകരണ നിർമ്മാണം എന്നിവയ്ക്ക് മുൻഗണന.

പദ്ധതി

അന്താരാഷ്ട്ര കടൽവ്യാപാരത്തിന് പുറമെ വ്യോമ, റോഡ് മാർഗങ്ങളുമുപയോഗിച്ചുള്ള മൾട്ടി മോഡൽ ലോജിസ്റ്റിക്സ് സേവനദാതാവായി വിഴിഞ്ഞത്തെ മാറ്റാനാണ് പദ്ധതി.ലോജിസ്റ്റിക്സ് ഹബ്ബുകൾ,വെയർഹൗസുകൾ,വ്യവസായ ക്ലസ്റ്ററുകൾ എന്നിവയും വരും.

''എല്ലാഘട്ടങ്ങളും പൂർത്തിയാവുന്നതോടെ ലോകനിലവാരമുള്ള മൾട്ടി കാർഗോ മെഗാഹാൻഡ്ലിംഗ് പോർട്ടായി വിഴിഞ്ഞം മാറും''

-പ്രദീപ് ജയരാമൻ

സി.ഇ.ഒ, അദാനിവിഴിഞ്ഞം പോർട്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL