തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി എ.റബിയത്ത് ക്രൈംബ്രാഞ്ച് എസ്.പിക്കും അതുവഴി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും റിപ്പോർട്ട് സമർപ്പിച്ചു. വഞ്ചിയൂർ കോടതിയിലും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കേസിൽ പുനഃരന്വേഷണം വേണമോയെന്നതും കോടതി തീരുമാനിക്കും. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്ന കൊല്ലം അഴീക്കൽ സൂര്യൻ പുരയിടത്തിൽ നയനാ സൂര്യനെ (29) 2019 ഫെബ്രുവരി 24നാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഏറെ ദുരൂഹത ഉയർത്തിയിരുന്നു.
റിപ്പോർട്ടിലെ പ്രധാന പരമാർശങ്ങൾ
കൊലപാതകമല്ല. പുറത്തുനിന്ന് ഒരാളുടെയും സാന്നിദ്ധ്യമില്ല. കൊലപാതകശ്രമം നടന്നിട്ടില്ല. മെഡിക്കൽ,ഫോറൻസിക്ക് വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തൽ കൂടി കണക്കിലെടുത്തുള്ള അന്വേഷണമായിരുന്നു. അസ്വാഭാവിക മരണമാണ്.
ആത്മഹത്യാശ്രമം നടന്നിരുന്നു. കഴുത്തിലെ മുറിവ് അങ്ങനെയുണ്ടായതാണ്. എന്നാൽ ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാൻ സാധിക്കില്ല
തീരെ ഉറക്കമില്ലാത്ത പ്രകൃതമായിരുന്നു. മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.
ഫോറൻസിക്ക് പരിശോധന കഴിഞ്ഞ് സാമ്പിളുകൾ ഇനിയും ലഭിക്കാനുണ്ട്. അതിൽ സൂചന ലഭിച്ചാൽ പുനഃരന്വേഷണമാകാം.
ആദ്യം മുതലേ ദുരൂഹത
നയനയുടെ മരണത്തിൽ തുടക്കം മുതൽ ദുരൂഹത സൃഷ്ടിച്ചിരുന്നു. നയന ഷുഗർനില താഴ്ന്ന് മുറിക്കുള്ളിൽ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നുവെന്നാണ് മ്യൂസിയം പൊലീസ് ആദ്യം വിശദീകരിച്ചത്. എന്നാൽ മരണകാരണം കഴുത്തു ഞെരിഞ്ഞാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത വർദ്ധിച്ചു. പ്രത്യേക മാനസികാവസ്ഥയിൽ സ്വയം കഴുത്തുഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിഗമനം.
ആൽത്തറ നഗറിലെ വാടക വീട്ടിൽ അകത്തുനിന്ന് പൂട്ടിയ മുറിയിലാണ് നയന മരിച്ചുകിടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടച്ചിട്ട മുറിയിലെ മരണം ആത്മഹത്യയാണെന്ന് സംഘം അന്നേ ഉറപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |