SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

യുവാക്കളിൽ ലഹരിപ്രിയവും കുറ്റകൃത്യ വാസനയും

വർക്കല: യുവാക്കളുടെ ലഹരി ഉപയോഗവും ഇവരേർപ്പെടുന്ന കുറ്റകൃത്യങ്ങളും നാടിന് തലവേദനയാകുംവിധം വർക്കലയിലും സമീപ പഞ്ചായത്തുകളിലും വർദ്ധിക്കുന്നു. രാത്രികാലങ്ങളിൽ വിദ്യാർത്ഥികളടക്കമുള്ള യുവാക്കളുടെ സംഘത്തെ ഇടറോഡുകളിലും പ്രധാന റോഡുകളിലും സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്നു. ലഹരിക്കടിമകളായി പകൽസമയങ്ങളിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയും രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങിനടന്ന് മോഷണങ്ങളിലും അടിപിടി കേസുകളിലും ഏർപ്പെടുന്നു. സമീപകാലത്തെ പൊലീസ് റെക്കാഡുകൾ പരിശോധിച്ചാൽ വാഹനമോഷണം, പെട്രോൾ മോഷണം, പമ്പ് സെറ്റ് മോഷണം എന്നിവയിലെല്ലാം പിടിയിലാകുന്നത് ഇത്തരത്തിലുള്ള ചെറുപ്പക്കാരാണ്. സംഘം ചേർന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്വഭാവവും യുവാക്കളിൽ ഏറിവരുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വർക്കല റെയിൽവേസ്റ്റേഷൻ ഗുഡ്ഷെഡ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ നിന്നും പെട്രോൾ ഊറ്റിയ സംഭവമുണ്ടായി. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം വാഹനയുടമ പൊലീസിൽ പരാതി നൽകി.

യുവാക്കൾ ചൂഷണം ചെയ്യപ്പെടുന്നു

മോഷ്ടാക്കളിൽ നിന്നും നിസാരവിലയ്ക്ക് വാഹനം വാങ്ങി പൊളിച്ചു വിൽക്കുന്ന സംഘങ്ങളും വർക്കലയിൽ സജീവമാണ്. ഇത്തരത്തിൽ പൊളിച്ച വാഹനങ്ങളുടെ പാർട്സുകൾ ലഭിക്കുന്ന സ്ഥലങ്ങൾ വെട്ടൂർ പഞ്ചായത്ത് പരിധിയിൽ പ്രവൃത്തിക്കുന്നുണ്ട്. മറ്റുസ്ഥലങ്ങളിൽ നിന്നും മോഷണവാഹനങ്ങൾ ഇവിടെ എത്തിക്കുന്നതായും ഇത്തരം സ്ഥാപനങ്ങൾ രാത്രി വൈകിയും പ്രവൃത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ കേന്ദ്രങ്ങൾ യുവാക്കളുടെ സങ്കേതമാണ്. യുവാക്കൾക്ക് മദ്യവും പണവും ലഹരി വസ്തുക്കളും നൽകി ചൂഷണം ചെയ്യുന്നതായും വാഹനമോഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നതായും ആരോപണമുണ്ട്. സെക്കൻഡ് ഹാൻഡ് വാഹന വില്പന ഉൾപ്പെടെ നടത്തുന്ന സ്ഥാപനങ്ങൾ മതിയായ അനുമതിയില്ലാതെയാണ് പ്രവൃത്തിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലം മറയാക്കി ഈ രംഗത്ത് പ്രവൃത്തിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളാൻ പൊലീസും മടിക്കുന്നു.

ലഹരിയുടെ കടന്നുകയറ്റം

വെട്ടൂരിൽ ആൾത്താമസമില്ലാതെ വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടക്കുന്നതായി പരാതിയുണ്ട്. പകൽസമയങ്ങളിൽ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും നേരെ അതിക്രമങ്ങളുണ്ടാകുന്നു. മങ്ങാട് പ്രദേശത്ത് ബാങ്ക് ജപ്തി ചെയ്ത വീട് സാമൂഹ്യവിരുദ്ധകേന്ദ്രമായി മാറിക്കഴിഞ്ഞതായും കുടുംബമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL