തിരുവനന്തപുരം: എവിടെയും അടുപ്പുകൂട്ടി...എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി പൊങ്കാലയ്ക്കായി കാത്തിരിക്കുന്നവർ...
ഇന്നലെ രാവിലെ മുതൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കുള്ള ഭക്തജനപ്രവാഹം ഇരട്ടിയായി. ഇന്ന് പൊങ്കാലയിടുന്നതിനായി ദൂരെ ദിക്കുകളിൽ നിന്നെത്തിയവരെല്ലാം ദേവിയുടെ അനുവാദത്തിനായി ആറ്റുകാൽ സന്നിധിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.എല്ലാ മനസുകളിലും 'അമ്മേ നാരായണ, ദേവീ നാരായണ... '
സന്ധ്യയോടെ ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ മുങ്ങി.വിളക്കുകളെല്ലാം നെയ്യ് വിളക്കുകളായി നിറഞ്ഞ് കത്തി.മുന്നിൽ മങ്കമാർ കത്തിക്കുന്ന നാരങ്ങാവിളക്കുകളും... അടുപ്പുവെട്ട് മുഹൂർത്തമായ രാവിലെ 10.15 ആകുമ്പോഴേക്കും പ്രാർത്ഥനകൾ ഉച്ചസ്ഥായിലാകും.
ഇന്നലെ രാവിലെ പെയ്ത ചാറ്റൽ മഴയിൽ നഗരം വെടിപ്പായി.ഉച്ചയോടെ സൂര്യൻ തെളിഞ്ഞു പ്രകാശിച്ചു. ഭക്തരുടെ മനസുകളും...വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ തിരക്കോട് തിരക്ക്. പൊങ്കാല ഇടുന്നതിനുള്ള കലവും പൂജാദ്രവ്യങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിനുള്ള തിരക്കാണ് ഏറെയും.നീണ്ട സമയം ക്യൂ നിന്ന് ദേവിയെ ദർശിച്ച് ക്ഷേത്രത്തിന് പുറത്തിറങ്ങിയവർ മുറ്റത്ത് കലാപരിപാടികൾ നടക്കുന്ന വേദികൾക്കു മുന്നിലിരുന്നു.
ഏറെ നേരം കാത്തുനിന്നതിന്റെ ആലസ്യമോ മടുപ്പോ പരിഭവമോ ഇല്ല.
നഗരത്തിലെല്ലാം കണ്ണെത്താ ദൂരത്തോളം പൊങ്കാലയടുപ്പുകൾ നിരന്നിരിക്കുകയാണ്. ഭക്തർക്കു വേണ്ട സൗകര്യങ്ങളൊരുക്കി വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തുണ്ട്.നഗരത്തിലെ ഓരോ ഇടങ്ങളിലും ദേവിക്കായി ഒരുക്കിയ മണ്ഡപങ്ങൾ. അതിനു മുന്നിൽ ഭക്തരുടെ നീണ്ട നിര.പൊങ്കാലയ്ക്കായി ദൂരദിക്കുകളിൽ നിന്ന് എത്തുന്നവർക്ക് ആതിഥേയത്വത്തിന്റെ വാതിലുകൾ തുറന്നിട്ടാണ് നഗരം അവരെ സ്വീകരിച്ചത്. ക്ഷമയോടെ സമാധാനത്തോടെ എല്ലായിടത്തും എത്താനും സഹായിക്കാനും നഗരവാസികൾ മുന്നിൽ നിന്നു. ആദ്യമാദ്യം എത്തിയവർക്ക് ക്ഷേത്രപരിസരത്ത് അടുപ്പൊരുക്കാൻ അവസരം ലഭിച്ചു. നഗരത്തിൽ പ്രധാന റോഡുകൾക്കൊപ്പം ഇടവഴികളിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |