പാലക്കാട്: ഒറ്റപ്പാലം മീറ്റ്നയിൽ എസ്.ഐയ്ക്കും കസ്റ്റഡിയിലെടുത്ത യുവാവിനും നേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർ അറസ്റ്റിൽ. മീറ്റ്ന സ്വദേശികളായ താഴത്തേതിൽ വിവേക് (32), വടക്കേതിൽ പുത്തൻവീട്ടിൽ ഷിബു(35), വെട്ടിയാട്ടിൽ അക്ബർ (55) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ കോങ്ങാട് കുണ്ടളശ്ശേരി സ്വദേശി രാജ് നാരായണൻ, ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ, മീറ്റ്ന സ്വദേശികളായ കൃഷ്ണൻ, രതീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾ അക്ബറിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കവേ വാക്കേറ്റമുണ്ടായി. സുഹൃത്തായ കൃഷ്ണനെ അക്ബർ ഓടുകൊണ്ട് എറിഞ്ഞു. കൃഷ്ണന്റെ തലയിൽ 25 തുന്നലുണ്ട്. രതീഷിനും പരിക്കേറ്റു. സംഘർഷം അറിഞ്ഞെത്തിയ പൊലീസ് അക്ബറിനെ കസ്റ്റഡിലെടുത്തു. ഇയാളെ ജീപ്പിലേക്ക് കയറ്റുമ്പോഴാണ് മറുവിഭാഗം ആക്രമണം നടത്തിയത്. അക്ബറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് എസ്.ഐയ്ക്ക് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഷിബു, വിവേക് എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ കണ്ണിയംപുറത്തെ ആശുപത്രിയിലേക്ക് മാറ്റി. രാജ് നാരായണനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എസ്.ഐയുടെ പരാതിയിലാണ് വിവേകിനെയും ഷിബുവിനെയും അറസ്റ്റ് ചെയ്തത്. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. അക്ബറിനെയും എസ്.ഐയെയും കൊണ്ടുപോയ പൊലീസ് ജീപ്പിലും രക്തക്കറ പുരണ്ട നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |