SignIn
Kerala Kaumudi Online
Sunday, 20 September 2026 8.17 PM IST

ലോൺ ആപ്പിൽ കുരുങ്ങി യുവാക്കൾ

വെഞ്ഞാറമൂട്: ഗ്രാമങ്ങളിൽ ലോൺആപ്പിന്റെ കുരുക്കിൽപ്പെട്ട് പരാതിയുമായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഇതിൽ ഏറെയും വീട്ടമ്മമാരും വിദ്യാർത്ഥികളുമാണ്. ലോൺആപ്പിന്റെ ചതിക്കുഴികളെക്കുറിച്ച് മനസിലാക്കാതെ കെണിയിൽപ്പെടുന്നവരാണ് ഏറെയും. ഫോണിലെത്തുന്ന ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ലോണെടുക്കാനുമുള്ള സന്ദേശങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ വൻതുക നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. പറയുന്ന സമയത്ത് പണമടച്ചില്ലെങ്കിൽ പിന്നെ ഭീഷണി തുടങ്ങും. ചതിക്കുഴിയിൽ വീണെന്ന് ഉപഭോക്താക്കൾ മനസിലാക്കുമ്പോഴേക്കും തന്നതിൽ കൂടുതൽ പണം തിരിച്ചടച്ച് കഴിഞ്ഞിരിക്കും. പലർക്കും ഈ കെണിയിൽനിന്ന് രക്ഷപെടാൻ കഴിയാതെയും വരും.

വായ്പയും തിരിച്ചടവും ബാങ്കിൽ നിന്ന് ലോണെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളില്ലെന്നതാണ് ലോൺ ആപ്പുകളിൽ സാധാരണക്കാർ കുടുങ്ങാനുള്ള പ്രധാന കാരണം. പാൻ കാർഡിന്റെയോ ആധാറിന്റെയോ കോപ്പി ഓൺലെെനായി നൽകിയാൽ മതി.

 ക്രിത്രിമ രേഖകളും

2000 മുതൽ 5000 രൂപവരെ ലോൺ ആപ്പുവഴി എടുക്കാം. ചെറിയ തുകയായതിനാൽ പലരും പെട്ടെന്ന് അടച്ചുതീക്കാമെന്ന വിശ്വാസത്തിൽ ലോണെടുക്കും. എടുക്കുന്ന തുകയുടെ ഇരട്ടിയിലധികം അടയ്ക്കേണ്ടി വരുമ്പോഴാണ് കുരുക്കിൽപ്പെട്ട വിവരം മനസിലാകുന്നത്. സമയത്ത് തുക അടച്ചാലും പലതരം ചാർജ്ജുകളുടെ പേരിൽ വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെടും. അടച്ചില്ലെങ്കിൽ ഭീഷണി തുടങ്ങും. ലോണെടുക്കുമ്പോൾ കൊടുത്ത രേഖയിലെ ഫോട്ടോ ഉപയോഗിച്ച് കൃത്രിമമായി നഗ്ന ഫോട്ടോയും വീഡിയോയുമുണ്ടാക്കും. ഇവ ലോണെടുത്തയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നാകും അടുത്ത ഭീഷണി. മാനഹാനി ഭയന്നും പലരും ചോദിച്ച പണമടച്ച് കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കാറാണ് പതിവ്.

 ഭീഷണിയിൽ കുരുങ്ങി...

ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങൾ നൽകും. പണമടച്ചില്ലെങ്കിൽ ഈ വിവരങ്ങൾ ചോർത്തുമെന്ന ഭയവും ഇടപാടുകാർക്കുണ്ടാകും. ബാങ്ക് വിവരങ്ങൾ സ്വന്തമാക്കി പണം തട്ടിപ്പ് നടത്തുന്ന രീതിയും ഇപ്പോഴുണ്ട്. ഈ മാഫിയയുടെ പക്കൽ തങ്ങളുടെ നമ്പർ എത്തുമോ എന്നാകും ഇടപാടുകാരുടെ ഭീതി. അതുകൊണ്ടുതന്നെ പറയുമ്പോഴെല്ലാം തുക അടയ്ക്കും. വിവിധ ഭാഷകളിൽ നിന്നുവരെ ഭീഷണിയെത്താറുണ്ട്. ശല്യം സഹിക്കവയ്യാതെ പലരും പണമടയ്ക്കാൻ നിർബന്ധിതമാകും. മറ്റു നിർവാഹമില്ലാതെ വരുമ്പോഴാണ് പൊലീസിൽ പരാതി നൽകുന്നത്.

സിംകാർഡിന്റെ പേരിലും തട്ടിപ്പ്

മൊബെെൽ ഫോൺ സിം കാർഡിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഇപ്പോൾ പലർക്കും വ്യാജ വിളികളെത്തുന്നതായാണ് വിവരം. നിലവിലുള്ള സിംകാർഡ് ഇ സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്നാണ് വാഗ്ദാനം. തുടർന്ന് ഒരു ലിങ്ക് അയക്കും. ഇതിൽ ക്ളിക്ക് ചെയ്യുന്നതോടെ നിലവിലെ മൊബെെൽ നെറ്റ് വർക്ക് ഇല്ലാതാകും. അതിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകും. അതിലെ വിവരങ്ങൾ സ്വന്തമാക്കാനും ബാങ്കിംഗ് ആപ്പ് വരെ ഉപയോഗിച്ച് പണം തട്ടാനുമാകുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL