SignIn
Kerala Kaumudi Online
Monday, 27 July 2026 11.03 PM IST

വിതുര കലുങ്ക് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുരയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെയുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം മൂന്ന് മാസം മുൻപ് പൊളിച്ചുമാറ്റിയിരുന്നു. ചുള്ളിമാനൂർ പൊൻമുടി റോഡ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് വെയിറ്റിംഗ് ഷെഡ് പൊളിച്ചത്. പകരം ഉടൻ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. റോഡ് നിർമ്മാണപ്രവർത്തനങ്ങളും ഇഴയുകയാണ്. തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട തൊളിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട നൂറുകണക്കിന് യാത്രക്കാർ ഈ വെയിറ്റിംഗ് ഷെഡിനെയാണ് ആശ്രയിക്കുന്നത്.

വിതുരയുടെ ഹൃദയഭാഗം കൂടിയായ കലുങ്ക് ജംഗ്ഷനിൽ പത്തോളം ധനകാര്യ സ്ഥാപനങ്ങളും നൂറിൽപരം വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിത്യേന ആയിരക്കണക്കിന് പേരാണ് ജംഗ്ഷനിലെത്തുന്നത്. കാത്തിരിപ്പുകേന്ദ്രമില്ലാത്തത് ഇവർക്കും പ്രശ്നമായിമാറിയിട്ടുണ്ട്.

മുൻ എം.എൽ.എ കെ.എസ്.ശബരിനാഥന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് ഇവിടെ അത്യാധുനിക രീതിയിലുള്ള കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചത്. വിതുര പഞ്ചായത്ത് അടിയന്തരമായി പ്രശ്നത്തിൽ ബന്ധപ്പെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ബുദ്ധിമുട്ടിലായി വിദ്യാർത്ഥികളും

വിതുര ഗവൺമെന്റ് ഹൈസ്കൂൾ, യു.പി.എസ് എന്നിവിടങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെയും ആശ്രയമാണ് ഈ കാത്തിരിപ്പുകേന്ദ്രം. വിദ്യാർത്ഥികളും റോഡിലാണ് ബസ് കാത്തുനിൽക്കുന്നത്. ഇതുമൂലം അപകടങ്ങളും ഉണ്ടാകുന്നുണ്ട്. നിലവിൽ മഴയും വെയിലുമേറ്റ് റോഡിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.

പുളിമൂട്ടിലും വെയിറ്റിംഗ് ഷെഡില്ല

പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് ജംഗ്ഷനിലും കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചിട്ടില്ല. ഇവിടെയുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡും പൊൻമുടി ചുള്ളിമാനൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വർഷം മുൻപ് പൊളിച്ചിരുന്നു. ഉടൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ആറ് വർഷം മുൻപ് പൊളിച്ച കൊപ്പം, ചായം വെയിറ്റിംഗ് ഷെഡുകളും ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല.

വിതുര കലുങ്ക് ജംഗ്ഷനിൽ അടിയന്തരമായി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL