
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ പാപ്പാലയ്ക്ക് സമീപം സംസ്ഥാന പാതയിൽ നിന്ന് കാനാറാ സമത്വ തീരം ശ്മശാനം വരെയുള്ള രണ്ടുകിലോമീറ്റർ തകർന്നു തരിപ്പണമായിട്ട് നാളുകൾ. ഒരു ഓട്ടോ പോലും ഇതുവഴി വിളിച്ചാൽ വരാത്ത അവസ്ഥയാണ്. നാല് വർഷം മുമ്പായിരുന്നു റോഡ് നവീകരിച്ചത്. എന്നാൽ അതിനുള്ളിൽ തന്നെ റോഡിന്റെ മുക്കാൽ ഭാഗവും തകർന്ന് കാൽനട യാത്ര പോലും ദുഷ്കരമായി. റോഡ് അവസാനിക്കുന്ന ഭാഗത്തെ പാറ ക്വാറിയിലേക്കുള്ള ഹിറ്റാച്ചി,ജെ.സി.ബി തുടങ്ങിയവ ഇതുവഴിയാണ് പോകുന്നത്.
ഇത്തരം വാഹനങ്ങൾക്ക് ഇതുവഴി പോകാൻ അനുമതിയില്ലങ്കിലും പ്രദേശവാസികളുടെ കണ്ണ് വെട്ടിച്ച് രാത്രികാലങ്ങളിലാണ് ഇവയുടെ സഞ്ചാരം.ഇത് റോഡ് തകരാറാകുന്നതിന് പുറമെ കേബിളുകൾ പൊട്ടുന്നതിനും കാരണമാകുന്നു.കൊവിഡ് കാലത്ത് ഉൾപ്പെടെ എട്ടോളം പഞ്ചായത്തുകൾക്ക് പ്രയോജനമായ സമത്വ തീരം ശ്മശാനം സ്ഥിതി ചെയ്യുന്നത് ഈ റോഡ് അവസാനിക്കുന്ന ഭാഗത്താണ്.ഇവിടെയെത്തുന്ന ആംബുലൻസുകൾ,പ്രദേശത്ത് താമസിക്കുന്ന പിന്നോക്കകാർ ഉൾപ്പെടെയുള്ള നൂറ്റി അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന വാഹനങ്ങൾ, ഏഴോളം സ്കൂൾ ബസുകൾ,പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 110 കെ.വി.സബ് സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾ എന്നിവയെല്ലാം ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് തകർന്ന് മെറ്റലിളകി
ഗർഭിണികൾ,വയസായവർ എന്നിവരെ പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുമന്ന് കൊണ്ട് പോകാനേ നിർവാഹമുള്ളൂ.റോഡിലുള്ള കലിംഗുകളിലെ കമ്പികൾ പോലും കാലപ്പഴക്കത്താൽ ദ്രവിച്ച സ്ഥിതിയിലാണ്.മഴക്കാലമായാൽ റോഡിലേക്ക് മരച്ചില്ലകൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുന്നതും പതിവാണ്.ഓടകൾ നിർമ്മിച്ചും,റോഡു നവീകരിച്ചും അനുവദനീയമായ വാഹനങ്ങളെ മാത്രം ഈ റോഡിലൂടെ കടത്തി വിട്ട് അധികൃതർ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |