
നെയ്യാറ്റിൻകര: പ്രഖ്യാപനങ്ങൾക്കൊടുവിൽ നിർമ്മാണം തുടങ്ങിയ നെയ്യാറ്റിൻകര അമൃത് ഭാരത് റെയിൽവേ സ്റ്റേഷനിൽ ജോലികൾക്ക് ഒച്ചിഴയും വേഗമെന്ന് പരാതി. മഴക്കാലം തുടങ്ങിയതോടെ റെയിൽവേ സ്‌റ്റേഷനും റോഡും ചെളിക്കുളമായ അവസ്ഥയാണ്.
നിർമ്മാണം തുടങ്ങിയതിന് പിന്നാലെ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി വയ്‌ക്കാനും സ്ഥലമില്ല. റിസർവേഷൻ കൗണ്ടറും ടിക്കറ്റ് വിതരണ കേന്ദ്രവുമെല്ലാം താത്കാലിക കെട്ടിടങ്ങളിലായിട്ട് ഏറെക്കാലമായി. സ്റ്റേഷനോടുചേർന്ന് ഗുഡ്‌സ് യാർഡും റെയിൽവേ യാർഡുമാണ് നിർമ്മിക്കുന്നത്. ഇവിടെ നിന്നുള്ള മണ്ണുനീക്കൽ കാരണമാണ് റോഡും പരിസരവും ചെളിയിൽ മൂടിയത്. ഇതേക്കുറിച്ച് നാട്ടുകാർ നിരവധിതവണ കരാറുകാരനെയും ഉദ്യോഗസ്ഥരെയും നേരിട്ടുകണ്ട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ജോലികളുടെ ഭാഗമായി ഇവിടെ നിന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഏതാണ്ടു അന്തിമഘട്ടത്തിലാണ്. മിക്ക കെട്ടിടങ്ങളുടേയും ഒരുഭാഗം മാത്രമാണ് റെയിൽവേ ഏറ്റെടുത്തിട്ടുള്ളത്. ബാക്കി ഭാഗം ഉടമ തന്നെ സംരക്ഷിക്കണം. റെയിൽവേ ഏറ്റെടുത്ത ഭാഗത്തെ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ബാക്കി കെട്ടിട ഭാഗങ്ങൾക്ക് ബലക്ഷയമുണ്ടാകുകയാണെന്ന് പരാതിയുണ്ട്.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോടനുബന്ധിച്ചാണ് നെയ്യാറ്റിൻകരയിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി റെയിൽവേ തുടങ്ങിയത്. തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴും നെയ്യാറ്റിൻകരയുമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ചിറയിൻകീഴിലെ ജോലികൾ പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ ഇവിടെ നിർമ്മാണം എങ്ങുമെത്തിയില്ല. 2023ലാണ് നെയ്യാറ്റിൻകരയിൽ നിർമ്മാണം തുടങ്ങിയത്. ഒരുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും പകുതിയിലേറെ പൂർത്തിയാക്കാനുണ്ട്. സ്റ്റേഷന്റെ മുൻവശത്തെ ആർച്ചും ഇടനാഴിയും നിർമ്മിച്ചില്ല. റെയിൽവേസ്റ്റേഷനിലേക്കുള്ള രണ്ട് കവാടങ്ങളുടെ ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിലെ റെയിൽവേ സ്റ്റേഷൻ റോഡ് മണ്ണിട്ട് ഉയർത്തി. ഇരുവശത്തും ഓടയും യൂട്ടിലിറ്റി കോറിഡോറും നിർമ്മിച്ചെങ്കിലും ടാറിംഗ് നടന്നിട്ടില്ല.
ആശുപത്രി ജംഗ്ഷനിലെ
ഓവർബ്രിഡ്ജ് ജലരേഖയായി
ജല അതോറിട്ടിയുടെ അംഗീകാരം ലഭിക്കാതെ ആശുപത്രി ജംഗ്ഷനിലെ ക്രോസിംഗ് യാർഡ് പണി തുടങ്ങിയെങ്കിലും ഇതും കീറാമുട്ടിയായി. മണ്ണ് നീക്കം ചെയ്തത് കാരണം പലയിടത്തായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുകയാണ്. ഇതുകാരണം കുടിവെള്ളവും മുടങ്ങുന്നു.
നിർമ്മാണം തുടങ്ങിയത് 2023ൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |