തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ജനജീവിതത്തിന് വെല്ലുവിളിയായി വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. നാട്ടുകാരുടെയും പൊലീസിന്റെയും മുന്നിലിട്ട് അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കി.
ഗുണ്ടകൾ വഴി തടസപ്പെടുത്തിയപ്പോൾ ഹോൺ മുഴക്കിയതിനാണ് അച്ഛനെയും മകനെയും നടുറോഡിലിട്ട് ചവിട്ടിമെതിച്ചത്. ശ്രീകണ്‌ഠേശ്വരം സീതാരാമം ഫ്ളാറ്റിൽ താമസിക്കുന്ന ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ രാജേഷ് കുമാറിനും പ്ലസ്ടു വിദ്യാർത്ഥിയായ മകൻ അഭിനവ് രാജേഷുമാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ മുഖ്യപ്രതിയായ തകരപ്പറമ്പ് കുട്ടനെ (ശ്യാംകുമാർ) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിയായ വട്ടിയൂർക്കാവ് അരുൺ ഒളിവിലാണ്. ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് കുമാറും അഭിനവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡിസ്ചാർജ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 8.30ഓടെ ശ്രീക്‌ണേഠശ്വരം അരിക്കടമുക്ക് ലെയിനിലായിരുന്നു സംഭവം. അഭിനവിനെ ട്യൂഷൻ ക്ലാസിൽ നിന്ന് ബൈക്കിൽ വിളിച്ചുകൊണ്ടു വരികയായിരുന്നു രാജേഷ്. രണ്ടു കാറുകൾ നിറുത്തിയിട്ട് വഴി തടസപ്പെടുത്തിയതിനാൽ ബൈക്കിന് കടന്നുപോകാനായില്ല. ഇതോടെയാണ് രാജേഷ് ഹോൺ മുഴക്കിയത്. ഇതിൽ പ്രകോപിതരായ ഗുണ്ടകൾ കാറിൽ നിന്നിറങ്ങി മർദ്ദിക്കുകയായിരുന്നു. സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും ഇടപെട്ടില്ല. മർദ്ദനത്തിനിടെ പൊലീസ് വാഹനം സ്ഥലത്തെത്തിയെങ്കിലും സ്ഥലത്തെ റിയൽ എസ്റ്റേറ്റ് മാഫിയ നേതാവായ തകരപ്പറമ്പ് കുട്ടന്റെ ആക്രമണം അവരും കണ്ടില്ലെന്ന് നടിച്ചു. പൊലീസിന്റെ മുന്നിലൂടെയാണ് അക്രമികൾ കാറിൽ കയറി പോയത്. അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ച ശേഷം പൊലീസ് സ്ഥലംവിടുകയായിരുന്നു. ഫോർട്ട് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽകോളേജ് ആശുപത്രിലും അച്ഛനും മകനും ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് ശേഷം രാത്രി പ്രതികൾ രാജേഷിന്റെ ഫ്ളാറ്റിന് മുന്നിലെത്തി ഏറെനേരം ആക്രോശിക്കുകയും ചെടിച്ചട്ടികളും മറ്റും നശിപ്പിക്കുകയും ചെയ്തു.
കേസെടുത്തത് വാർത്തകൾക്ക് പിന്നാലെ
കൺമുന്നിലെ ക്രൂരത തടയാത്ത പൊലീസ് കേസെടുക്കാൻ പോലും ആദ്യം തയ്യാറായില്ല. ഇന്നലെ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷമാണ് വഞ്ചിയൂർ പൊലീസ് കുടുംബത്തെ ബന്ധപ്പെട്ടത്. നിങ്ങൾക്ക് പരാതിയുണ്ടോ എന്ന് ആരാഞ്ഞായിരുന്നു ഫോൺ കാൾ. പരാതിയിൽ ഉറച്ചുനിന്നതോടെ കേസെടുത്തു. വൈകിട്ടോടെ തകരപ്പറമ്പ് കുട്ടനെ പിടികൂടി.
തല്ലരുതെന്ന് അപേക്ഷിട്ടും കേട്ടില്ല
വട്ടിയൂർക്കാവ് അരുണാണ് ആദ്യം അച്ഛനെയും മകനെയും ബൈക്കിൽ നിന്ന് തള്ളിയിട്ട് മർദ്ദിച്ചത്. ഇതിനിടെ കുട്ടനുമെത്തി. ഹെൽമറ്റും കല്ലും ഉപയോഗിച്ച് മുഖത്ത് ഉൾപ്പെടെ ഇടിച്ചു. ഇതിനിടെ രാജേഷ് ഇവരോട് ക്ഷമ ചോദിച്ചെങ്കിലും മർദ്ദനം തുടർന്നു. താഴെ വീണുകിടന്ന രാജേഷിന്റെ മുഖത്ത് ചവിട്ടി. പിടിച്ചുമാറ്റാൻ ശ്രമിച്ച മകൻ അഭിനവിനെയും ക്രൂരമായി മർദ്ദിച്ചു. സഹായത്തിനായി രാജേഷ് തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി. പിന്നാലെ അഭിനവിനെ പ്രതികൾ വളഞ്ഞിട്ട് ആക്രമിച്ചു. നിലത്തിട്ട് ദേഹമാസകലം ചവിട്ടുകയും കൈകൾ പിടിച്ചുവച്ച് ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിക്കാനും ശ്രമിച്ചു. രാജേഷിന്റെ കൈവിരലുകൾക്ക് ഒടിവും അഭിനവിന്റെ ഇടത്തേ തോളെല്ലിന് പൊട്ടലുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |