SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

കണിയാപുരത്ത് ആളില്ലാത്ത വീട്ടിൽ മോഷണം ; 12 പവൻ കവർന്നു

1

 മുക്കുപണ്ടം തിരികെ വച്ചു

കഴക്കൂട്ടം: കണിയാപുരത്ത് ആളില്ലാത്ത സമയത്ത് വീടിന്റെ പൂട്ട് തകർത്ത് 12 പവൻ കവർന്നു. നമ്പ്യാർകുളം 'സാഫല്യ'ത്തിൽ താഹിറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെ ആറോഓടെ താഹിറും കുടുംബവും ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ആലുവയിലേക്ക്
പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ പൂർണമായും വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്ന് വള,ലോക്കറ്റ്,കമ്മൽ,കുഞ്ഞിന്റെ അരഞ്ഞാണം,ബ്രേസ്‌ലെറ്റ് തുടങ്ങിയ ആഭരണങ്ങളാണ് കവർന്നത്.

അതേസമയം മുക്കുപണ്ടം അടങ്ങിയ ബോക്‌സ് തുറന്ന് പരിശോധിച്ചെങ്കിലും വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്വർണമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്വർണം തിരിച്ചറിയാൻ ഉപയോഗിച്ച മാർഗമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വാതിലിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. മംഗലപുരം പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

മോഷണത്തിന് പുതിയ തന്ത്രം

ഒരാഴ്ച മുമ്പ് പ്രദേശവാസികളായ രാജു,ഷംഷുദീൻ എന്നിവരുടെ വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. രാത്രികാലങ്ങളിൽ വീടുകളുടെ പിന്നിലെ വാട്ടർ ടാപ്പുകൾ തുറന്നുവിട്ട് പ്രത്യേകതരം ശബ്ദമുണ്ടാക്കിയാണ് കണിയാപുരം,​പള്ളിപ്പുറം മേഖലകളിൽ കവർച്ച നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ സംശയകരമായ ശബ്ദം കേട്ടാൽ ആരും പുറത്തിറങ്ങരുതെന്നും ഫോണിലൂടെയും അസോസിയേഷൻ ഗ്രൂപ്പുകളിലൂടെയും അലർട്ട് നൽകണമെന്നും നാട്ടുകാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് പൊലീസ് പരിശോധന ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL