
നെടുമങ്ങാട്: നഗരസഭാ പരിധിയിലെ പട്ടാളംമുക്ക് -ചെല്ലാംകോട് -വാളിക്കോട്റോഡ് തകർന്ന് തരിപ്പണമായ അവസ്ഥയിൽ. റോഡ് നീളെ കുഴികളും വെള്ളക്കെട്ടുമാണ്. വാളിക്കോട് നിന്ന് പട്ടാളംമൂക്കിലേക്ക് പോകുന്ന പ്രധാന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. മുക്കോലയിൽ നിന്നും പട്ടാളംമുക്കിലെത്താനും എളുപ്പ മാർഗമാണിത്.
4കിലോമീറ്ററോളം വരുന്ന റോഡിൽ വാളിക്കോട് മുതൽ കുറച്ച് ഭാഗം ടാറിംഗും ബാക്കി കോൺക്രീറ്റും ചെയ്‌തിരുന്നു. മണ്ണാറമ്പ്‌നട മുതൽ പട്ടാളംമുക്ക് വരെയുള്ള ഭാഗത്താണ് ടാറിംഗ് തകർന്ന് യാത്ര ഗതികേടിലായത്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നു
സ്കൂൾ വിദ്യാർത്ഥികൾ വളരെ കഷ്ടപ്പെട്ടാണ് ഇതുവഴി പോകുന്നത്. കെട്ടിക്കിടക്കുന്ന മലിനജലം യൂണിഫോമിൽ തെറിക്കാതിരിക്കാൻ എതിരെ വാഹനം വരുമ്പോൾ നടന്നു പോകുന്നതിനു പകരം ഓടേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. ഇതും അപകടത്തിന് ഇടയാക്കുന്നുണ്ട്. സ്‌കൂൾ ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നവീകരണത്തിന് അധികൃതർ യഥാസമയം ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപകടങ്ങളും
വശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളാണ് ദുരിതത്തിൽ യാത്ര ചെയ്യുന്നത്. റോഡിന്റെ ആദ്യം മുതൽ അവസാനം വരെ ഒരു വശത്തു തോടാണ്. പലപ്പോഴും റോഡിൽ നിന്നും യാത്രക്കാർ തോട്ടിൽ വീഴുന്നുണ്ട്. നെടുമങ്ങാട് നഗരസഭയുടെ ഇരിഞ്ചയം, പൂവത്തൂർ, മണക്കോട്, പേരയത്തുകോണം വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |