SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

പുതിയ കേസെടുത്ത് പൊലീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 18കാരന്റെ ദേഹത്ത് മോഷണം പോയ 3 ഫോണുകൾ

കൊച്ചി: പൊലീസിനെ വെട്ടിച്ചു കടക്കവേ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച 18കാരന്റെ ദേഹത്ത് മോഷണം പോയ മൂന്നു മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തി. ഫോണുകളുടെ ഉടമകളെ തിരിച്ചറിഞ്ഞ് പൊലീസ് പുതിയ കേസെടുത്തു.

ഞായറാഴ്ച അർദ്ധരാത്രി എറണാകുളം നോർത്ത് പരമാര റോഡിലെ ലോഡ്ജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച ഫോർട്ട് കൊച്ചി നെല്ലുകടവ് ഈരവേലി വീട്ടിൽ മുഹമ്മദ് സാഹിലിന്റെ കൈവശമാണ് മൂന്നു യുവാക്കളിൽ നിന്ന് തട്ടിയെടുത്ത ഫോണുകൾ കണ്ടെടുത്തത്. വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ സാഹിലിനെ ചികിത്സിച്ച ഡോക്ടറാണ് ഫോണുകൾ കടവന്ത്ര പൊലീസിന് കൈമാറിയത്. യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റും മുമ്പാണ് അരയിൽ ഒളിപ്പിച്ച ഫോണുകൾ കിട്ടിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.

എറണാകുളം നഗരത്തിലെ സുഡിയോ ഷോറൂമിൽ ജീവനക്കാരായ സുജിത്ത് ഷിബു, അബിൻ മാത്യു, ആൽബെർട്ട് ജെയ്സൺ എന്നിവരുടേതാണ് ഫോണുകൾ. കഴിഞ്ഞ 10ന് രാത്രി 12.30ന് മൂന്നു പേരും ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുമ്പോൾ എറണാകുളം സൗത്ത് റെയിൽവേ ട്രാക്കിൽ നിന്ന് കതൃക്കടവ് സി.ബി.ഐ ഓഫീസിലേക്കുള്ള റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വച്ചായിരുന്നു കവർച്ച. മുഹമ്മദ് സാഹിലിന്റെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന സംഘം തടഞ്ഞു നിറുത്തി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം ഫോണുകൾ തട്ടിയെടുക്കുകയായിരുന്നു. കവർച്ച നടന്നത് കടവന്ത്ര സ്റ്റേഷൻ പരിധിയിൽപ്പെടാത്തതിനാൽ കേസ് എറണാകുളം നോർത്ത് പൊലീസിന് കൈമാറി.

12 ന് പുലർ‌ച്ചെ ലോജിസ്റ്റിക്‌സ് വിദ്യാർത്ഥി ആദിത്യരാജിനെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഫോൺ തട്ടിയെടുത്ത കേസിൽ പൊലീസ് പിടികൂടാനെത്തിയപ്പോഴാണ് ലോഡ്ജിന്റെ നാലാംനിലയിലെ സൺഷെയ്ഡിൽ നിന്ന് സാഹിൽ വീണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന 17കാരനെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്ത മറ്റൊരു കൂട്ടാളി രക്ഷപ്പെട്ടു. ഇവരുൾപ്പെടെ മൂന്നു പ്രായപൂർത്തിയാകാത്തവർക്കായി പൊലീസ് തെരച്ചിൽ തുടരുന്നു.

ആധാർ കാർ‌‌ഡിൽ അന്വേഷണം

മുഹമ്മദ് സാഹിലിന്റെ പേരിലുള്ള വ്യത്യസ്തമായ രണ്ട് ആധാ‌ർ കാർഡുകളെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. പരമാര റോഡിലെ ലോ‌ഡ്ജ് മുറി പരിശോധിച്ചപ്പോഴാണ് ഇവ കിട്ടിയത്. ഒരു കാർഡിൽ സാഹിലിന് 22 വയസും മറ്റൊരു കാർഡിൽ 18 വയസുമാണ്. 2025ൽ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണക്കേസിൽ പ്രതിയായപ്പോൾ 17 വയസാണ് നൽകിയത്. അതുപ്രകാരം സാഹിലിന് ഇപ്പോൾ 18 വയസ് പൂർത്തിയായി. ആരുടെ സഹായത്തോടെയാണ് വ്യാജ ആധാർ തയ്യാറാക്കിയതെന്നും എന്തിനു വേണ്ടിയാണെന്നുമാണ് അന്വേഷണ പരിധിയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL