SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

പൊലീസിനെ കണ്ട് ലഹരിസംഘം ഹോസ്റ്റലിൽ നിന്ന് കടന്നു

റിസപ്ഷനിസ്റ്റിനേയും അന്തേവാസിയേയും അറസ്റ്റ് ചെയ്തു

കൊച്ചി: ലഹരി ഉപയോഗം നടക്കുന്നതായി വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ കണ്ട് ഹോസ്റ്റലിൽ നിന്ന് യുവാക്കൾ കടന്നുകളഞ്ഞ സംഭവത്തിൽ ഹോസ്റ്റൽ റിസപ്ഷനിസ്റ്റിനെയും അന്തേവാസിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി സംഘത്തിനും കുറ്റവാളികൾക്കും ഒത്താശ നൽകുന്നുവെന്ന സൂചനയെ തുടർന്നാണ് നടപടി.

എറണാകുളം എൽ.എഫ്.സി റോഡ് കൈപ്പള്ളി മദ്രസാലൈൻ ഫ്രണ്ട്സ് മെൻസ് ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഖാസിം മായംപൊക്കട (41), ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായ പാലക്കാട് കിഴക്കഞ്ചേരി സ്വദേശി ഷിൽജോ (20) എന്നിവരാണ് പിടിയിലായത്.

നാട്ടുകാരുടെ പരാതിയെ തുട‌ർന്ന് നോർത്ത് എസ്.ഐമാരായ ഗ്ലാഡ്‌വിൻ എഡ്‌വാർഡ്, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. പൊലീസിനെ കണ്ടപാടെ ഷിൽജോയുടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ കടന്നുകളഞ്ഞു. ഹോസ്റ്റൽ അന്തേവാസികളുടെ രജിസ്റ്ററും തിരിച്ചറിയിൽ കാർഡുകളും ആവശ്യപ്പെട്ടെങ്കിലും റിസപ്ഷനിസ്റ്റ് ഹാജരാക്കിയില്ല. ഹോസ്റ്റൽ പ്രവർത്തിക്കുന്നതിന് കൊച്ചി കോർപ്പറേഷന്റെ ലൈസൻസും ഉണ്ടായിരുന്നില്ല. മുറിയിൽ നിന്ന് കടന്നവരെ കുറിച്ച് അറിയില്ലെന്നായിരുന്നു ഷിൽജോയുടെ മറുപടി. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യുവാക്കൾ ലഹരി ഉപയോഗിച്ച് അക്രമാസക്തരാകുന്നുവെന്ന് കാട്ടിയാണ് നാട്ടുകാർ പൊലീസിനെ സമീപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL