SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

തകർന്നടിഞ്ഞ് കാറാത്തല-വില്ലിക്കുളം റോഡ്

general

ബാലരാമപുരം: ടാറിംഗ് കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുമ്പ് കാറാത്തല-വില്ലിക്കുളം റോഡ് തകർന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ബാലരാമപുരം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് 30ലക്ഷം രൂപ അനുവദിച്ചാണ് കാറാത്തല-വില്ലിക്കുളം റോഡുപണി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വർക്കുകൾ മാത്രം നടത്തുന്ന തദ്ദേശീയനായ കരാറുകാരനാണ് റോഡിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഒരുകിലോമീറ്ററോളം ഭാഗത്ത് കുഴികൾ പ്രത്യക്ഷപ്പെട്ട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. സ്കൂൾ വാഹനമുൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.

നേമം റെയിൽവേ ടെർമിനൽ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിന്റെ നിർമ്മാണജോലികൾ ബാലരാമപുരം റെയിൽവേ പരിധിയിലും നടക്കുന്നുണ്ട്. ദിവസവും കാറാത്തല-വില്ലിക്കുളം ഭാഗത്തേക്ക് പോകുന്ന ടിപ്പറുകളുടെ അനിയന്ത്രിത ഗതാഗതമാണ് റോഡ് തകർച്ചയ്ക്കിടയാക്കിയതെന്നും ആക്ഷേപമുണ്ട്.

വയൽക്കര റോഡുകളും തകരുന്നു

ഗ്രാമീണമേഖലയിൽ വയൽക്കരയോട് ചേർന്നുള്ള റോഡുകൾ മിക്കതും തകർന്നടിഞ്ഞ അവസ്ഥയിലാണ്. വെള്ളക്കെട്ട് നിലനിൽക്കുന്ന സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തി ബദൽ സംവിധാനമൊരുക്കിയിട്ടില്ല. റോഡിനിരുവശവും ഓടനിർമ്മിക്കുകയോ കുത്തൊഴുക്കായി വരുന്ന മഴവെള്ളം തടയുവാനോ ഒഴുക്കിവിടുവാനോ സംവിധാനമില്ല.

റോഡിൽ നിറയെ കുഴികൾ

കൃത്യമായി തറ ഉറപ്പിക്കാതെ മെറ്റൽ പാകിയത് വെല്ലുവിളിയായി. ബിറ്റുമിൻ,​ മെറ്റൽ മറ്റ് അഗ്രഗേറ്റുകൾ ഒന്നിച്ച് ചേർത്ത് കൃത്യമായ അനുപാതത്തിൽ ക്വാറിവേസ്റ്റ് പാകി ആഴ്ച്ചകൾ പിന്നിട്ടതിനു ശേഷമാണ് ടാറിംഗ് നടത്തേണ്ടത്. എന്നാൽ ക്വാറിവേസ്റ്റ് പാകി വയലിനോട് ചേർന്നുള്ള റോഡിൽ പെടുന്നെനെ ടാറിംഗ് നടത്തിയത് റോഡ് പൊട്ടിപ്പൊളിയാൻ കാരണമായി. റോഡിൽ പത്തിടങ്ങളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഭൂരിഭാഗം പ്രദേശത്തും ടാറിളകി റോഡ് തകർന്നനിലയിലാണ്.


ബിൽ തുക കരാറുകാരന് കൈമാറില്ല -എൽ.എസ്.ജി.ഡി

അവസാന ഗഡുക്കളായി കരാറുകാരന് കിട്ടാനുള്ള തുക വേഗത്തിൽ കൈമാറില്ലെന്ന് എൽ.എസ്.ജി.ഡി വിഭാഗം അധികൃതർ അറിയിച്ചു. ടാറിട്ട് മൂന്ന് മാസം ആകുന്നതിന് മുമ്പ് റോഡ് തകർന്നത് നിർമ്മാണപ്പിഴവാണെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിൽ കരാർ തുക കൈമാറരുതെന്ന് കാണിച്ച് ജില്ലാ പഞ്ചായത്ത് മെമ്പറും എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL