SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

തൃപ്രയാർ ഡോളർ കവർച്ചക്കേസ് മുഖ്യസൂത്രധാരൻ 'കട്ടിംഗ് നബീൽ' ബംഗളൂരുവിൽ പിടിയിൽ

nabeel

അന്തിക്കാട്: യു.എസ് ഡോളർ നൽകാമെന്ന് വിശ്വസിപ്പിച്ച് തൃപ്രയാറിലേക്ക് വിളിച്ചുവരുത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീലിനെ (26 കട്ടിംഗ് നബീൽ) ബംഗളൂരുവിൽ നിന്നാണ് റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിഞ്ഞിരുന്ന പ്രതി, ബുധനാഴ്ച ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയെ 22 ന് അറസ്റ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയ വഴി പരസ്യം നൽകി ബിനാൻസ് എക്‌സ്‌ചേഞ്ച് വഴി ക്രിപ്‌റ്റോ ട്രേഡിംഗ് നടത്തുന്നവരെ കണ്ടെത്തി, കുറഞ്ഞ നിരക്കിൽ ഡോളർ ആക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പാലക്കാട് സ്വദേശികളെ പ്രതികൾ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ക്രിമിനൽ സംഘത്തിലെ രണ്ടുപേർ ഇടപാടുകാരുടെ കാറിൽ കയറി പണമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റ് പ്രതികളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ജൂൺ 19ന് രാത്രി 8.45ഓടെ തൃപ്രയാർ പൈനൂർ ആമലത്ത് കുളങ്ങര അമ്പലത്തിന് സമീപമായിരുന്നു സംഭവം. പാലക്കാട് വിളയൂർ സ്വദേശികളായ മുഹമ്മദ് റാഫി, മുഹമ്മദ് അസ്ലം, അജിത്ത് കുമാർ, അബ്ദുൾ മജീദ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ, ഇന്നോവയിലെത്തിയ സംഘം തടഞ്ഞുനിർത്തി മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ച ശേഷം പണവും ഐ ഫോണും തട്ടിയെടുക്കുകയായിരുന്നു.

പരിക്കേറ്റ മുഹമ്മദ് റാഫിയുടെ പരാതിയിലാണ് അന്തിക്കാട് പൊലീസ് കേസെടുത്തത്.

കോടതിയിൽ ഹാജരാക്കും

ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യസൂത്രധാരൻ വലയിലായത്.

പ്രതിയെ അന്തിക്കാട് സ്റ്റേഷനിലെത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
അന്തിക്കാട് സി.ഐ. വി.എം.കേഴ്‌സൺ, എസ്.ഐമാരായ എം.അഫ്‌സൽ, പി. ജയകൃഷ്ണൻ, എ.എസ്.ഐമാരായ രാജു, ഷൈൻ, ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, സി.പി.ഒമാരായ സോണി സേവ്യർ, ബിജു, കൃഷ്ണദാസ്, കെ.ജെ. ഷിന്റോ, സുർജിത് സാഗർ എന്നിവരും പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL