SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.05 AM IST

ഇ.ഡിയെ ആക്രമിച്ച കേസ്, ജാമ്യം ലഭിച്ച 9-ാം പ്രതിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ്‌കുമാറിന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും ഇ.ഡിയും നൽകിയ ഹർജികളിൽ ഹൈക്കോടതി നോട്ടീസിന് നിർദ്ദേശിച്ചു. സി.പി.എം പ്രവർത്തകനായ ഹരീഷ്‌കുമാറിന് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് നൽകണം. പ്രതി മറുപടിസത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചു. ജൂലായ് 13ന് കേസ് വീണ്ടും പരിഗണിക്കും.

പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി വാദിച്ചു. പ്രതി 27 ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും കസ്റ്റഡി അപേക്ഷ നൽകാതെ പൊലീസ് എന്ത് ചെയ്യുകയായിരുന്നെന്ന് കോടതി ചോദിച്ചു. പ്രതിയുടെ മൊബൈൽ ഫോണിന്റെ അടക്കം ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ടെന്ന് സർക്കാർ മറുപടി നൽകി.

ആക്രമിക്കാൻ ഉപയോഗിച്ച വടി കണ്ടെടുക്കാനായില്ലെങ്കിലും അന്വേഷണം ഏറെ മുന്നോട്ടു പോയതിനാൽ ഹരീഷ്‌കുമാറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പ്രോസിക്യൂട്ടർ ഗീനാകുമാരി അറിയിച്ചതടക്കം കണക്കിലെടുത്താണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ആക്രമണത്തിൽ ആർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നും അവർ എത്ര ദിവസം ആശുപത്രിയിൽ കിടന്നെന്നും അതിന്റെ രേഖ ഉണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രതിയുടെ പങ്ക് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉണ്ടെന്നും ഇ.ഡിക്കായി ഹാജരായ അഡ്വ. ജയശങ്കരൻ വി. നായർ അറിയിച്ചു. ഇ.ഡി ഉദ്യോഗസ്ഥയ്‌ക്കും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റെന്നും വിശദീകരിച്ചു.

ഗൂഢാലോചനയിൽ ഗീനാകുമാരി

പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി കോടതിയെ അറിയിച്ചത് തെറ്റാണെന്ന വാദവും സർക്കാർ ഉന്നയിച്ചു. പ്രതിയുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും പൊലീസ് റിപ്പോർട്ട് കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ. പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലല്ലോ കോടതി തീരുമാനമെടുക്കുന്നതെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL