
നെയ്യാറ്റിൻകര: ടൗൺ പ്രദേശത്ത് വിട്ടുമാറാത്ത പനിയും പകർച്ചവ്യാധിയും പടർന്ന് പിടിക്കുമ്പോഴും രോഗകാരികളായ കൊതുകുകളെ നശിപ്പിക്കാൻ യാതൊരു സംവിധാനവുമില്ല. നെയ്യാറ്റിൻകര ടൗൺ പ്രദേശത്ത് കൊതുകുകൾ പെരുകുകയാണ്. പ്രധാനമായും ടൗൺ പ്രദേശത്തെ മാലിന്യക്കൂമ്പാരം,കെട്ടിക്കിടക്കുന്ന വെള്ളം,മഴവെള്ളം എന്നിവിടങ്ങളിൽ നിന്നാണ് കൊതുക് പെരുകുന്നത്. ഇവ ഒഴിവാക്കാനായി നഗരസഭ യാതൊരു പദ്ധതികളും ആവിഷ്കരിച്ചിട്ടില്ല. മഴക്കാല പൂർവശുചീകരണത്തിനായി ഒരോ വാർഡിനും നിശ്ചിത തുക നൽകുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മാലിന്യ സംസ്കരണ സംവിധാനമില്ല
നെയ്യാറ്റിൻകര മുനിസിപ്പൽ പ്രദേശത്തെ മുഴുവൻ വാർഡുകളിലും അഴുക്ക് ചാലും മാലിന്യക്കൂമ്പാരവും നിറഞ്ഞിരിക്കുകയാണ്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ളാസ്ടിക്-ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ടൗണിലെ പറമ്പുകളിൽ മാലിന്യം ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുന്നത് പരിസരവാസികൾക്കും വിനയായിമാറി. ഇവിടെയാണ് കൊതുകുകളുടേയും എലിയുടേയും പ്രഭവ കേന്ദ്രം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ളാന്റ് നെയ്യാറ്റിൻകര നഗരസഭക്ക് ഇന്നും അന്യം.
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു
കൊതുക് ശല്യം നിയന്ത്രണാതീതമായതോടെ ടൗൺപ്രദേശത്ത് ഡങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ 2800ലധികം പനി ബാധിതരാണ് ചികിത്സ തേടിയെത്തിയത്.
ഫോഗിംഗ് നടപ്പായില്ല
നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് കൊതുകുകളെ നശിപ്പിക്കാനായി നഗരസഭ ജപ്പാനിൽ നിന്നും 2005ൽ ഫോഗിംഗ് മെഷീൻ വരുത്തിയെങ്കിലും ഫലവത്തായില്ല. കൊതുകുകളെ തുരത്താനായി മെഷീനിൽ നിന്നും പുക ഉയരുമെങ്കിലും കൊതുകുകൾ തൊട്ടടുത്ത സുരക്ഷിത സ്ഥലം തേടി പോകുന്ന അവസ്ഥയിലായി.
ട്രെയിനേജ് സംവിധാനത്തിലെ പാളിച്ച
ടൗണിൽ പ്രത്യേക ട്രെയിനേജ് സംവിധാനമില്ല. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച ട്രെയിനേജ് പൈപ്പുകളാണ് ഇപ്പോഴുമുള്ളത്. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലം മഴക്കാലമായാൽ റോഡിലൂടെ ഒഴുകും. ഈ മലിനജലത്തിൽ ചവിട്ടിയാണ് കുട്ടികളുടെ സ്കൂളുകളിലേക്കുള്ള യാത്രയും.
വിനയായ മഴക്കുഴി
മഴവെള്ളം ഭൂമിയിൽ സംരക്ഷിച്ചു നിറുത്തുവാനായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ മഴക്കുഴിയും കൊതുകുകളുടെ താവളമാണ്.നെയ്യാറിന് ഇരുവശത്തുമുള്ള കുറ്റിക്കാടുകളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാടുകളും നീക്കം ചെയ്യുവാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |