
പള്ളുരുത്തി: ചെല്ലാനത്ത് നിറുത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് യുവാവിന്റെ പരാക്രമം. ചെല്ലാനം ഗൊണ്ടുപറമ്പ് മുതൽ കമ്പനിപ്പടി പനക്കേൽ പാലം വരെ റോഡരികിൽ കിടന്ന വാഹനങ്ങളാണ് ഞായറാഴ്ച അർദ്ധരാത്രിക്കു ശേഷം ചെല്ലാനം ഓലേടത്ത് വീട്ടിൽ ശരത്ത് (26) കത്തിച്ചത്.
രണ്ട് ഓട്ടോറിക്ഷകളിൽ ഒന്ന് പൂർണമായും നശിച്ചു. ഒരു ഓട്ടോ ടാക്സി വാഹനം ഭാഗികമായി കത്തി. ഒരു കാർ മൂടിയിരുന്ന കവറിന്റെ ഭാഗം മാത്രം കത്തി. മറ്റൊരു കാറിന്റെ ചില്ല് അടിച്ച് തകർത്തു. രണ്ട് സ്കൂട്ടറുകൾ തള്ളി വെള്ളത്തിലിട്ടു.
തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയതിനാൽ വലിയ അപകടം ഒഴിവായി. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് കരുതുന്നു. സംഭവശേഷം വീട്ടിലെത്തി ഉറങ്ങിയ ശരത്ത് രാവിലെ വള്ളത്തിൽ ജോലിക്കും പോയി. തിരികയെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓട്ടോ ഉടമകളായ രതീന്ദ്രദാസിന്റെയും ആൽബിയുടെയും പരാതിയിലാണ് നടപടി. ആൽബിയുടേതാണ് പൂർണമായും നശിച്ച ഓട്ടോ.
ശരത്തിനെ റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി അസി. കമ്മിഷണർ സി.ആർ. സന്തോഷ്, കണ്ണമാലി ഇൻസ്‌പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |