SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.45 PM IST

ഗൂഗിൾ മാപ്പിൽ നിറയെ ടോയ്‌ലെറ്റുകൾ എല്ലാം പ്രവർത്തന രഹിതം

തിരുവനന്തപുരം: അത്യാവശ്യത്തിന് ശങ്ക തോന്നി ഗൂഗിൾ മാപ്പ് തപ്പിനോക്കിയാൽ നഗരത്തിൽ ടോയ്‌ലെറ്റുകൾ നിരവധിയാണ്. എന്നാൽ സ്ഥലത്തെത്തിയാൽ എല്ലാം ഉപയോഗ ശൂന്യം. പല ലൊക്കേഷനുകളിലായി പൊതുടോയ്‌ലെറ്റുകൾ,പേ ആൻഡ് യൂസ്,സുലഭ് തുടങ്ങിയവ ധാരാളമുണ്ട്. ഇത്തരത്തിൽ കോർപ്പറേഷൻ പരിധിയിൽ 46 പൊതുടോയ്‌ലെറ്റുകളുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിൽ പകുതിയിലേറെയും അടഞ്ഞും കിടക്കുകയാണ്.

തമ്പാനൂർ,കിഴക്കേകോട്ട, ചാല,പാളയം,വഞ്ചിയൂർ,കരമന,സ്റ്റാച്യു,പുത്തരിക്കണ്ടം,നന്തൻകോട് തുടങ്ങിയ തിരക്കേറിയ മേഖലകളിലും ടോയ്‌ലെറ്റുകളുടെ ലൊക്കേഷനുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ജോലിക്കും ഷോപ്പിംഗിനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി മണിക്കൂറുകളോളം നഗരത്തിൽ ചെലവഴിക്കുന്ന സ്ത്രീകൾക്ക് വൃത്തിയുള്ള ടോയ്‌ലെറ്റുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

പദ്ധതികൾ പാളിയോ

നഗരത്തിലെ പൊതുടോയ്‌ലെറ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി കോളേജ്, ആയുർവേദ കോളേജ് ജംഗ്ഷൻ,പാളയം മാർക്കറ്റ്,മ്യൂസിയം,കനകക്കുന്ന്,പി.എസ്.സി ഓഫീസ്, എൽ.ഐ.സി ഓഫീസ്, കിഴക്കേകോട്ട തുടങ്ങിയ 37 സ്ഥലങ്ങളിൽ പുതിയ ടോയ്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും മുന്നോട്ടുവച്ചിരുന്നു.

പരിപാലനം ആര്...

പൊതുടോയ്‌ലെറ്റുകളുടെ പരിപാലനമാണ് വെല്ലുവിളി.പരിപാലന ചുമതല കൃത്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം.ഗൂഗിൾ മാപ്പിലെ ടോയ്ലെറ്റ് വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതും പ്രശ്നമാണ്. അടച്ചുപൂട്ടിയതോ നിലവിലില്ലാത്തതോ ആയ ടോയ്‌ലെറ്റുകളുടെ ലൊക്കേഷനുകൾ ഇപ്പോഴും മാപ്പിൽ ആവശ്യക്കാരെ തെറ്റിദ്ധരിപ്പിക്കുമെന്നാണ് ആളുകൾ പറയുന്നത്. പ്രവർത്തന സമയം,നിലവിലെ സ്ഥിതി എന്നിവയും മാപ്പിൽ കൃത്യമായി രേഖപ്പെടുത്തണം.

ഉറപ്പാക്കേണ്ടത്

ടോയ്‌ലെറ്റുകളിൽ വെള്ളം,വൈദ്യുതി,സോപ്പ്,കൈകഴുകാനുള്ള സൗകര്യം

 സാനിറ്ററി നാപ്കിൻ,അവയുടെ നശീകരണ സംവിധാനം ഭിന്നശേഷിക്കാർക്കുള്ള പ്രവേശന സൗകര്യം

ഓരോ ടോയ്ലെറ്റിലും പരാതി അറിയിക്കാനുള്ള ഫോൺ നമ്പറും പരിപാലന ചുമതലയുള്ള ഏജൻസിയുടെ വിവരങ്ങളും പ്രദർശിപ്പിക്കണം

പേ ആൻഡ് യൂസ് ടോയ്‌ലെറ്റ്കളുടെ നിരക്കും വ്യക്തമായി രേഖപ്പെടുത്തണം.

 പ്രധാന ജംഗ്ഷനുകളിലും ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും ടോയ്‌ലെറ്റുകളുടെ ദിശാസൂചക ബോർഡുകൾ വേണം

 കോർപ്പറേഷൻ പരിധിയിലെ ടോയ്‌ലെറ്രുകളുടെ പുതുക്കിയ ‘ലൈവ് ലിസ്റ്റ്’ പ്രസിദ്ധീകരിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL