
വിഴിഞ്ഞം: ഔട്ടർ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയതോടെ വിഴിഞ്ഞത്തും ക്രൂ ചെയ്ഞ്ചിന് അനുമതി.കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശാനുസരണം ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ക്രൂ) ക്യാപ്റ്റൻ ബിപിൻ കുമാറാണ് ഉത്തരവിറക്കിയത്. സുരക്ഷ,സമയം,ഫീസ് തുടങ്ങിയ നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി ഭേദഗതികളോടെയാണ് ഉത്തരവ്. ക്രൂ ചെയ്ഞ്ച് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തുറമുഖത്തോടൊപ്പം സംസ്ഥാന സർക്കാരിന്റെ മാരിടൈം ബോർഡിന് കീഴിലെ വിഴിഞ്ഞം തുറമുഖത്തിനും നേട്ടമാകും. ഇതോടെ ഇരുതുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് നടത്താം. 4 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രൂചെയ്ഞ്ച് വീണ്ടും വരുന്നത്. നിയമപരമായ നടപടികൾ പൂർത്തിയാകാൻ ഒരാഴ്ച വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. ക്രൂ ചെയ്ഞ്ച് പുനരാരംഭിക്കുന്നതോടെ സർക്കാരിന് ലഭിക്കുന്നത് കോടികളുടെ വരുമാനമാകും.തുറമുഖത്തിന് ഏറ്റവും അടുത്താണ് വിമാനത്താവളമെന്നതും സംസ്ഥാനത്തിന് നേട്ടമാണ്.
വരുമാനത്തിലും നേട്ടം
ചുരുങ്ങിയ കാലയളവിനുള്ളിൽ 10 കോടിയിലേറെ വരുമാനം നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കൊവിഡ് കാലത്തെ നിയന്ത്രണ ഭാഗമായി മറ്റ് തുറമുഖങ്ങൾ അടച്ചപ്പോൾ വിഴിഞ്ഞത്ത് 2020 ജൂലായിൽ ആരംഭിച്ച ക്രൂ ചെയ്ഞ്ചിംഗ് 2022 ജൂലായിലാണ് നിറുത്തിവച്ചത്. തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് സേഫ്ടി കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭിച്ചെങ്കിലും നടപടികൾ വൈകുകയായിരുന്നു. രണ്ടുവർഷം നടത്തിയ ക്രൂ ചെയ്ഞ്ചിംഗിന് മികച്ച പ്രതികരണമാണ് കപ്പൽ കമ്പനികളിൽ നിന്ന് ലഭിച്ചത്.
2020 ജൂൺ 15നാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചെയ്ഞ്ചിംഗിനായി കപ്പൽ അടുത്തത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് ഷിപ്പിംഗ് ഏജൻസികൾ വിഴിഞ്ഞത്ത് ചെയ്ഞ്ചിംഗിനായി കപ്പലുകൾ അടുപ്പിച്ചിരുന്നു. 2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകിയിരുന്നു. രണ്ടു വർഷം 12500 ജീവനക്കാർ ക്രൂ ചെയ്ഞ്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |