SignIn
Kerala Kaumudi Online
Thursday, 06 August 2026 2.57 PM IST

നല്ല കാലം കാത്ത് നാവായിക്കുളത്തെ സർവീസ് റോഡുകൾ

road-thakarnna-nilayil

കല്ലമ്പലം: ദേശീയപാത 66ന്റെ പണികൾ നീണ്ടുപോകുന്നതോടെ ഇരുവശത്തുമുള്ള സർവീസ് റോഡുകൾ തകർന്ന് തരിപ്പണമായി.ഗുണനിലവാരമില്ലാത്ത റോഡിലൂടെ ഹെവി വാഹനങ്ങൾ കടന്നുപോകുന്നതും,തോരാത്ത മഴയുമാണ് തകർച്ചയ്ക്ക് പ്രധാന കാരണം. ജില്ലാതിർത്തിയായ കടമ്പാട്ടുകോണം മുതൽ ആഴാംകോണം വരെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്‌. സ്റ്റീൽ പൈപ്പുകൾ കയറ്റി വന്ന ലോറി ഇതേ സ്ഥലത്തെ കയറ്റം കയറാൻ കഴിയാതെ കുഴിയിൽ അകപ്പെട്ടത് കഴിഞ്ഞ മാസമാണ്.പൈപ്പുകൾ റോഡിൽ ചിതറി വീണെങ്കിലും പിറകെ വന്ന വാഹനങ്ങളിൽ പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കടമ്പാട്ടുകോണത്ത് കയറ്റം കയറാനാകാതെ പെട്ടെന്ന് നിന്നുപോവുകയും,പിറകിൽ വന്ന ലോറി ബസിന് പിന്നിലിടിച്ച് ഗതാഗതക്കുരുക്ക് ഉണ്ടായതും അടുത്തിടെയാണ്.കല്ലമ്പലത്ത് ടിപ്പർ ലോറിയിടിച്ച് ചിറ്റായിക്കോട് പുത്തൻവിള വീട്ടിൽ ബാബു മരിച്ചത് ഇക്കഴിഞ്ഞ ജൂൺ 30നാണ്.നാവായിക്കുളം മങ്ങാട്ട്‌വാതുക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മതുരക്കോട് തിരുവാതിരയിൽ ബാബു അജിത ദമ്പതികളുടെ ഏക മകൻ അരുൺ കൃഷ്ണ മരിച്ചതും,ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റതും ജൂലായ്‌ 9ന് പുലർച്ചെയാണ്.

സർവീസ് റോഡുകളുടെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾക്കെല്ലാം കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

രാത്രി യാത്ര ദുരന്തം

റോഡ് പണി പൂർത്തിയാകാത്തതിനാൽ ഇലക്ട്രിക് പോസ്റ്റുകളോ വെളിച്ചം കാണാനുള്ള മറ്റ് സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ല.പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ പറയാൻ തുടങ്ങിയിട്ട് മൂന്ന്‍ മാസമായെന്ന് വ്യാപാരികളും സമീപവാസികളും പറയുന്നു.റോഡിന്റെ കയറ്റം കുറച്ച് ടാറിടണമെന്നാവശ്യം ശക്തമാണ്.

പ്രദേശത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്

ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുന്നു

താത്കാലികമായി ടാർ ചെയ്ത സ്ഥലങ്ങളാണ് ഏറെയും പൊളിഞ്ഞത്.

മെറ്റലുകളിളകി തെറിച്ച് പൊടിയും,മഴക്കാലത്ത് ചെളിക്കെട്ടും നിറയും

അശാസ്ത്രീയ നിർമ്മാണത്താലാണ് റോഡ് പൊളിയുന്നതെന്ന ആരോപണം ശക്തമാണ്

ദേശീയപാതയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം.നാവായിക്കുളം ചതുപ്പ് പ്രദേശമായതിനാൽ റോഡ്‌ തകരാൻ സാദ്ധ്യതകളേറെയാണ്‌.സർവീസ് റോഡിന്റെയും താത്കാലിക റോഡിന്റെയും അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ്യമാക്കണം.വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ സൂചനാ ബോർഡും ലൈറ്റുകളും സ്ഥാപിക്കണം.

മുഹമ്മദ്‌ റാഫി,വ്യാപാരി വ്യവസായി

ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL