
തിരുവനന്തപുരം: അലമാരകളിൽ പൊടിപിടിച്ചിരുന്ന പുസ്‌തകങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ് വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ലൈബ്രറി. അപൂർവമായ താളിയോലകൾ മുതൽ പഴയ നാടക പുസ്‌തകങ്ങളും ഗ്രന്ഥങ്ങളും പ്രാദേശിക മാസികകളും സൂക്ഷിച്ചിരുന്ന നൂറിലധികം വർഷം പഴക്കമുള്ള ലൈബ്രറിയാണ് ഇപ്പോൾ പുതുപുത്തനാകുന്നത്. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം 19ന് വൈകിട്ട് 4ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
ഡോ.അച്യുത് ശങ്കർ നായരുടെ നേതൃത്വത്തിൽ യംഗ് ഇന്ത്യൻസ് അംഗങ്ങളും എൻ.സി.സി കേഡറ്റുകളും ചേർന്നാണ് ലൈബ്രറിക്ക് പുതുജീവൻ നൽകുന്നത്. നവീകരണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് യംഗ് ഇന്ത്യൻസാണ്. സംഘടനയിലെ അംഗങ്ങളായവർ നവീകരണത്തിനാവശ്യമായ സാമഗ്രികൾ സ്‌പോൺസർ ചെയ്താണ് സഹകരിച്ചത്. ലൈബ്രറി സ്ഥാപകനായ എൻ.കേശവപിള്ളയുടെ മകൻ പി.കെ.സതീഷും (ലൈബ്രറി സെക്രട്ടറി) മാറ്റത്തിന് പിന്നിലുണ്ട്.
ലൈബ്രറിയിലെ സജീവമായ പുസ്തകശേഖരത്തിന്റെ ഡിജിറ്റൽ കാറ്റലോഗിംഗ് ചെയ്യുന്നത് വിവിധ കോളേജുകളിലെ എൻ.സി.സി കേഡറ്റുകളാണ്. നിലവിൽ അഞ്ച് ശതമാനത്തോളം പുസ്തകങ്ങളുടെ എൻട്രി പൂർത്തിയായിട്ടുണ്ട്. ഡിജിറ്റൽ കാറ്റലോഗിംഗ് പൂർത്തിയാകുന്നതോടെ ഒരു പുസ്തകം തിരയുമ്പോൾ അത് ഏത് ഷെൽഫിലെ ഏത് നിരയിലാണുള്ളതെന്ന് കൃത്യമായി കണ്ടെത്താനാകും.
റീഡിംഗ് റൂമും സെമിനാർ ഹാളും
നവീകരണത്തിന്റെ ഭാഗമായി ഗ്രന്ഥശാല കെട്ടിടത്തിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തിയാക്കി. ഏറെക്കാലമായി മോശം അവസ്ഥയിലായിരുന്ന ടോയ്‌ലെറ്റുതൾ പുതുക്കിപ്പണിതു. റീഡിംഗ് റൂം സെമിനാർ ഹാൾ കം റീഡിംഗ് റൂമാക്കി മാറ്റിയിട്ടുണ്ട്. കാറ്റലോഗിംഗ് പൂർത്തിയായാൽ പുസ്തകങ്ങളെ തരംതിരിക്കും. ലൈബ്രറി സയൻസ് രംഗത്തെ സർവകലാശാലാ ജീവനക്കാരും വിരമിച്ച ജീവനക്കാരും ഉൾപ്പെടുന്ന കൂട്ടായ്മയാണ് ക്ലാസിഫിക്കേഷൻ നടത്തുക.
''പുസ്‌തകങ്ങൾ സൂക്ഷിക്കുന്ന ഇടം മാത്രമല്ല. പുതുതലമുറയുടെ ആശയവിനിമയത്തിനും
ഗവേഷണത്തിനുമുള്ള സജീവ ഇടമാക്കി ലൈബ്രറിയെ മാറ്റുകയാണ് ലക്ഷ്യം.
ഡോ.എസ്.അച്യുത് ശങ്കർ എസ്.നായർ
( ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ )
'' കാലത്തിനനുസരിച്ച് ഗ്രന്ഥശാലയ്‌ക്ക് പുനരുജ്ജീവനം അനിവാര്യമായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി നവീകരണം പുരോഗമിക്കുകയാണ്.
പി.കെ.സതീഷ്,ലൈബ്രറി സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |