
കാറിന്റെ സ്റ്റീരിയോയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം
നെയ്യാറ്റിൻകര: കുടുംബസമേതമുള്ള യാത്രയെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന നാലംഗ സംഘത്തെ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്‌തു. നെയ്യാറ്റിൻകര ആറാലുംമൂട് ചന്തയ്‌ക്ക് മുൻവശത്ത് വച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം എക്സൈസ് സ്ക്വാഡ് തടഞ്ഞുനിറുത്തി 125 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
ഈഞ്ചയ്‌ക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ (33), മാതാവ് ബീന (50),കിരണിന്റെ വനിതാ സുഹൃത്തായ തമിഴ്നാട് തിരുനെൽവേലി സ്വദേശി സന്ധ്യ (18),ചാല സ്വദേശി അക്ഷയ്.എ.എസ്. നായർ (26) എന്നിവരാണ് പിടിയിലായത്.
കുടുംബ യാത്രയുടെ
മറവിൽ ലഹരിക്കച്ചവടം
ഓണക്കാലത്ത് തെരുവോര കച്ചവടക്കാർക്ക് വിൽക്കാനെന്ന വ്യാജേനയാണ് വസ്ത്രക്കച്ചവടം ഇവർ നടത്തിയിരുന്നത്. യാത്രയിൽ എക്സൈസ് പരിശോധന ഒഴിവാക്കാനായി കുറച്ചു വസ്ത്രങ്ങൾ വാങ്ങുകയും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതാണെന്ന് തോന്നിപ്പിക്കുകയുമായിരുന്നു രീതി. വാഹനത്തിലെ സ്റ്റീരിയോ സിസ്റ്റത്തിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെടുത്തത്. സ്വന്തം മകന്റെ ലഹരിക്കച്ചവടത്തിന് അമ്മ കൂട്ടുനിന്നു എന്നത് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചു. പ്രതികളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് അമ്മയുടെ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും ലഹരിക്കച്ചവടവും ഇടപാടുകളും നടന്നിരുന്നതെന്ന് വ്യക്തമായത്.
കാറിൽ എട്ടുവയസുകാരിയും;
ഒടുവിൽ ബന്ധുക്കൾക്ക് കൈമാറി
കിരണിന് എട്ടു വയസുള്ള ഒരു മകളുണ്ട്. രണ്ടുവർഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞെങ്കിലും കിരണിനൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ലഹരി കടത്തുന്ന സമയത്ത് ഈ കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി.
തുടരന്വേഷണം ശക്തമാക്കും
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. പ്രതികളിൽ നിന്ന് 10,500 രൂപയും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വാണിജ്യാടിസ്ഥാനത്തിലുള്ള അളവിൽ എം.ഡി.എം.എ പിടിച്ചെടുത്തതിനാൽ കേസിന്റെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ. മനോജ് സംഭവസ്ഥലത്തെത്തി നിർദ്ദേശങ്ങൾ നൽകി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്,എക്സൈസ് ഇൻസ്പെക്ടർ നിഷാദ്,പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്,കൃഷ്ണകുമാർ,അജയൻ, വിശാഖ്,സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ,ഗോകുൽ,വിനോദ്,രാജേഷ് പി.രാജൻ,അക്ഷയ്,ബിനോജ്,അഭിജിത്,ഹരി പ്രസാദ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത,സജിത,ആര്യ കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |