
തിരുവനന്തപുരം: ഓണം ഫുൾ വൈബിലെത്തണമെങ്കിൽ മുണ്ടും സെറ്റ് സാരിയും മസ്റ്റ്. ഇപ്പോൾ ഓണാഘോഷ വേദികളിൽ പെൺകുട്ടികളും മുണ്ടുമടക്കി കുത്തി ചുവടുവയ്ക്കുന്നത് ട്രെന്റായതോടെ മുണ്ടിനാണ് കൂടുതൽ ഡിമാന്റ്. കൈത്തറി മുണ്ടിനോടാണ് യുവതയ്ക്കും പ്രിയം. ഷർട്ടിനൊത്ത കരയുള്ള മുണ്ട് അല്ലെങ്കിൽ കസവ് മുണ്ട്. 500 രൂപ മുതലാണ് വില. ഒറിജിനൽ കസവ് ചേർത്ത കൈത്തറി മുണ്ടിന്റെ വില 1800രൂപയിലാണ് തുടക്കം.
സർക്കാരിന്റെ കൈത്തറി മുണ്ടുകൾക്ക് 20 ശതമാനം വരെ റിബേറ്റ് ഒരുക്കിയിട്ടുണ്ട്. ആഘോഷചടങ്ങുകൾക്കും ഓഫീസ് ഓണാഘോഷങ്ങൾക്കും ഓണക്കളികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ ഡിസൈനുകൾ. യുവാക്കൾക്കിടയിലും കസവ് മുണ്ടിനോടുള്ള താത്പര്യം വർദ്ധിച്ചതോടെ ട്രെൻഡി ലുക്കിനൊപ്പമുള്ള ഡിസൈനുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വില്പനക്കാർ പറയുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബസമേതം ഒരേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരും ഇത്തവണ ഏറെയാണ്. പുളിയിലക്കരയുള്ള വീതി കുറഞ്ഞ കരമുണ്ടുകൾക്കും ഇത്തവണ ആവശ്യക്കാരുണ്ട്. പരമ്പരാഗത പുളിയിലക്കര ഡിസൈൻ നിലനിറുത്തിക്കൊണ്ടുള്ള ഇത്തരം മുണ്ടുകൾക്ക് ലളിതവും സ്റ്റൈലിഷുമായ ലുക്കാണ് ലഭിക്കുന്നത്. 1500 രൂപ മുതൽ പുളിയിലക്കര വീതി കുറഞ്ഞ കരമുണ്ടുകൾ വിപണിയിൽ ലഭ്യമാണ്.
കസവിന്റെ നിറവിൽ സാരി
കസവ് മുണ്ടിനൊപ്പം ഓണക്കാലത്ത് കസവ് സാരികൾക്കും ആവശ്യക്കാർ ഏറെയാണ്. 3000 രൂപ മുതൽ കസവ് കൈത്തറി സാരികൾ ലഭ്യമാണ്. പരമ്പരാഗത കസവ് ഡിസൈനുകൾക്കൊപ്പം പുതുതലമുറയ്ക്ക് ഇണങ്ങുന്ന വ്യത്യസ്ത ബോർഡറുകളിലും ഡിസൈനുകളിലുമുള്ള സാരികളും വിപണിയിലുണ്ട്. സാരിക്ക് പുറമെ സെറ്റ് സാരി,മുണ്ട് സെറ്റ് എന്നിവയും വിപണിയിലെ പ്രധാന ആകർഷണങ്ങളാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |