SignIn
Kerala Kaumudi Online
Wednesday, 02 September 2026 9.27 AM IST

പൊലീസുകാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

police

ശംഖുംമുഖം: ക്രിമിനൽ വേട്ടയ്‌ക്കിടെ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. വലിയതുറ ജൂസാ റോഡിൽ താമസിക്കുന്ന ടോം ഫെർണണ്ടാസ് എന്ന ടോംസിനെയാണ് വലിയതുറ പൊലീസ് അറസ്റ്റുചെയ്‌തത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ പൊലീസുകാരായ റോജിൻ,വിനീത് എന്നിവരെയാണ് ഇന്നലെ വൈകിട്ട് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. തീരദേശ മേഖലയിലെ ക്രിമിനൽ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന പൊലീസുകാരെ പിന്തുടർന്ന കാർ ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിന് സമീപത്തുവച്ച് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ ബൈക്ക് നിറുത്തിയിറങ്ങി. ഈ സമയം പിന്നോട്ടെടുത്ത കാർ വീണ്ടും ഇവരെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാലിന് പൊട്ടലുണ്ടായ റോജിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകാർ നൽകിയ വിവരമനുസരിച്ച് വലിയതുറ പൊലീസ് മിന്നൽ വേഗതയിൽ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ കാറുമായി വലിയതുറ ഭാഗത്ത് നിന്ന് ഉടൻ പിടികൂടിയത്. ടോംസിനെതിരെ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവസ്ഥലത്തിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾക്കൊപ്പം മറ്റാരെങ്കിലും കാറിൽ ഉണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. അക്രമി സംഘങ്ങളുടെ വിഹാര കേന്ദ്രമായി തീരദേശ മേഖല മാറുന്നതിനെ തുടർന്നാണ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘം തീരദേശ മേഖലയിൽ രഹസ്യ പരിശോധന ശക്തമാക്കിയത്. ബൈക്കിലെത്തിയ ഡാൻസാഫ് അംഗങ്ങൾ പൊലീസാണെന്ന് മനസിലാക്കിയ പ്രതി, തന്നെ നീരിക്ഷിക്കാനെത്തിയെന്ന് സംശയിച്ച് ഇവരെ പിന്തുടർന്ന് ഇടിച്ചിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL