
മെറ്റലിളകി ചെളിക്കളമായി കിടക്കുന്നു
മുടപുരം: ഏറെ വർഷങ്ങളായി തകർന്നുകിടക്കുന്ന അഴൂർ പഞ്ചായത്തിലെ അഴൂർ കടവ് -മൂന്നാറ്റുമുക്ക് റോഡ് റീ ടാർ ചെയ്യണമെന്നാവശ്യം ശക്തം. പഞ്ചായത്തിലെ 14-ാം വാർഡിലാണ് (പഴയ രണ്ടാം വാർഡ്) റോഡ് സ്ഥിതി ചെയ്യുന്നത്. അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷൻ -പെരുമാതുറ റോഡിൽ അഴൂർ കടവ് പാലത്തിന് സമീപത്തുനിന്നാരംഭിച്ച് മൂന്നാറ്റുമുക്കിൽ ചെല്ലുന്ന റോഡാണിത്. നൂറോളം കുടുംബങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
റോഡ് തകർന്നതോടെ കയർ,മത്സ്യ,കർഷത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗം ജനങ്ങളുടെ യാത്രാദുരിതം വർദ്ധിച്ചു.
നിലവിൽ റോഡിലെ ടാർ പൂർണമായും ഇളകി പോയി. മെറ്റലുകൾ ഇളകി മിക്ക സ്ഥലങ്ങളിലും കുഴികൾ രൂപംകൊണ്ടിട്ടുണ്ട്. മഴ പെയ്താൽ കുഴികൾ കുളങ്ങളായി മാറും. പിന്നെ കാൽനട വാഹന യാത്ര ബുദ്ധിമുട്ടിലാകും.ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്റെ പലഭാഗത്തും മെറ്റൽ താഴ്ന്ന നിലയിലാണ്.ഇതുവഴി പോകുന്ന സ്കൂൾ വാഹനങ്ങൾ റോഡിന്റെ ശോച്യാവസ്ഥ മൂലം യാത്ര നിറുത്തിവയ്ക്കുമോ എന്ന ഭയത്തിലാണ് രക്ഷാകർത്താക്കൾ.എത്രയും വേഗം റോഡ് ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഠിനംകുളം കായലിന് സമാന്തരമായാണ് റോഡ്
തോപ്പിൽ,അക്കുറ്റിതിട്ട,ആറാടിപ്പാത,തിട്ടയിൽ റോഡുകൾ വന്നുചേരുന്ന റോഡാണിത്.
2000ലാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.ജി.എസ്.വൈ പദ്ധതിപ്രകാരം ചാല് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചത്. 2013ൽ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി.
2019ൽ നവീകരണത്തിനായി ജില്ലാപഞ്ചായത്ത് 40ലക്ഷം രൂപ അനുവദിച്ചിരുന്നു. കരാറുകാരൻ പണിയാരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല. ഇപ്പോൾ കാലപ്പഴക്കം മൂലം റോഡിന്റെ മെറ്റലും ടാറും ഇളകി കിടക്കുകയാണ്.
ഫണ്ട് തികയില്ല
ഇപ്പോൾ റോഡ് നവീകരണത്തിനായി ജില്ലാപഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് റോഡിന്റെ കാൽഭാഗം പോലും ടാർ ചെയ്യാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
റോഡ് റീ ടാർ ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
സി.സുര,മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,അഴൂർ ഗ്രാമ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |