
പാറശാല: പാറശാലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. അലഞ്ഞുതിരിയുന്ന നായകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പേടിയോടെയാണ് പുറത്തിറങ്ങുന്നത്. സ്വന്തം വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ് ജനങ്ങൾ. പാറശാലയിലെ ചില സ്ഥാപനങ്ങളിൽ തെരുവുനായക്കൾക്ക് ഭക്ഷണം നൽകാറുണ്ടെന്നും ഇവയാണ് യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നതെന്നും പരാതിയുണ്ട്. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിലും പരിസരങ്ങളിലും രാത്രികാലങ്ങളിൽ ചികിത്സതേടിയെത്തുന്ന രോഗികളെയും കൂട്ടിരുപ്പുകാരെയും തെരുവ്നായ്ക്കൾ ആക്രമിക്കുന്നത് പതിവാണെന്നും പരാതി ഉയരുന്നു.
പൊറുതിമുട്ടി കാൽനടക്കാർ
റോഡിന് വശങ്ങളിലും ഒരുഴിഞ്ഞുകിടക്കുന്ന കടകൾക്ക് മുന്നിലും തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ കാൽനട യാത്രക്കാരുടെ നേരെ ചാടിവീഴുന്നതും നിത്യ സംഭവമാണ്. റോഡിന് വശം ചേർന്ന് നടന്നുവരുന്ന കുട്ടികൾ ഉൾപ്പടെയുള്ളവർ പേടിച്ച് പെട്ടന്ന് റോഡിലേക്ക് തിരിയുന്നത് വാഹനങ്ങൾ തട്ടി അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. റോഡിന് കുറുകെ തലങ്ങും വിലങ്ങുമുള്ള തെരുവുനായ്ക്കളുടെ ഓട്ടവും പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കിയിട്ടുണ്ട്. തെരുവ്നായ്ക്കളെ ഭയന്ന് നാട്ടുകാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥ. തെരുവ് നായകൾ കൂട്ടമായി സ്‌കൂൾ കുട്ടികളെയും വൃദ്ധരെയും ഉൾപ്പെടെ ആക്രമിക്കുന്ന സംഭവങ്ങളും നടന്നിട്ടുണ്ട്.
പ്രധാന കേന്ദ്രങ്ങൾ
പാറശാല ടൗൺ,ആശുപത്രി ജംഗ്‌ഷൻ,കുറുങ്കുട്ടി,കാരാളി,ഇഞ്ചിവിള,നെടുവാൻവിള,ചെറുവാരക്കോണം,പുത്തൻകട പൊതു മാർക്കറ്റ്,ഇടിച്ചക്കപ്ലാമൂട്,കൊറ്റാമം,വന്യക്കോട്,മുള്ളുവിള
അതിർത്തികടന്ന്
തമിഴ്‌നാട്ടിൽ നിന്ന് പിടികൂടുന്ന തെരുവ് നായ്ക്കളെ രാത്രികാലങ്ങളിൽ കേരളത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതായും പരാതിയുണ്ട്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവ് നായ്ക്കൾക്കായി വാക്സിനേഷനും വന്ധ്യംകരണവും ശരിയായ രീതിയിൽ നടക്കാത്തതാണ് തെരുനായകൾ പെറ്റുപെരുകുന്നതിനുള്ള പ്രധാന കാരണം.
പേവിഷ ബാധിച്ചയും
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പേവിഷ ബാധിച്ച തെരുവുനായ പാറശാല ടൗണിലെ പത്തോളം പേരെ കടിച്ചിരുന്നു. നായയുടെ കടിയേറ്റവർ ആശുപത്രികളിലെത്തി ചികിത്സതേടിയിരുന്നു. ഇത് പ്രദേശത്തെ മറ്റ് തെരുവുനായ്ക്കളെ കടിച്ചതായും നാട്ടുകാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |