SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

പെൺകുട്ടികൾക്ക് ചിറകേകി 'കളക്‌ടേഴ്‌സ് സൂപ്പർ 100'

തിരുവനന്തപുരം: ആദിവാസി,തീരദേശ,പിന്നാക്ക മേഖലകളിലെ മിടുക്കരായ പെൺകുട്ടികളെ ഉപരിപഠനത്തിന് പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച കളക്‌ടേഴ്‌സ് സൂപ്പർ 100 വിജയത്തിലേക്ക്. തിരഞ്ഞെടുത്ത നൂറുകുട്ടികൾക്ക് 'സ്റ്റെം" (സയൻസ്,ടെക്നോളജി,എൻജിനിയറിംഗ്,മാത്തമാറ്റിക്സ് ) വിഷയങ്ങളിൽ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയിലൂടെ ഇക്കൊല്ലം എം.ബി.ബി.എസിന് രണ്ടുപേരും ബി.ഡി.എസിന് ഒരാളും എൻജിനിയറിംഗിന് ഏഴുപേരും പ്രവേശനം നേടി. നിരവധി കുട്ടികൾക്ക് നഴ്‌സിംഗിനും പ്രവേശനം ലഭിച്ചു.

പ്രവേശന പരീക്ഷാപരിശീലനവും വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും നൽകുന്നതാണ് പദ്ധതി. നീറ്റ്,കീം മത്സര പരീക്ഷകളിൽ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ജില്ലാ ഭരണകൂടം,കനൽ ഇന്നവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ്,ടെക്‌നോപാർക്കിലെ ട്രെൻസർ ടെക്നോളജി സൊല്യൂഷൻസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023ൽ ജെറോമിക് ജോർജ്ജ് ജില്ലാ കളക്ടറായിരുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.


പരിശീലനം:


9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട 100 പെൺകുട്ടികൾക്കാണ് തീവ്ര പരിശീലനം നൽകുന്നത്. സഫയർ, സൈലം,ബ്രില്യന്റ് തുടങ്ങിയ പ്രമുഖ കോച്ചിംഗ് സ്ഥാപനങ്ങളുടെ സഹകരണവും ഇതിലുണ്ട്.

പ്രവേശന മാനദണ്ഡങ്ങൾ


ജില്ലയിലെ തീരദേശ,ആദിവാസി മേഖലയിലെയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്കുമാണ് പ്രവേശനം. തുടർച്ചയായ 4 വർഷത്തെ സമഗ്രമായ പരിശീലനം ഉറപ്പാക്കാൻ 9-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് കൂടുതൽ മുൻഗണന.

തിരഞ്ഞെടുപ്പ് രീതി

ജില്ലാ ഭരണകൂടം നടത്തുന്ന പ്രവേശന പരീക്ഷ,ഗ്രൂപ്പ് ഡിസ്കഷൻ,അഭിമുഖം എന്നിവയിലൂടെയാണ് കുട്ടികളെ തിരഞ്ഞടുക്കുന്നത്. തീരദേശ-ആദിവാസി മേഖലകളിലെ സ്കൂൾ അധികൃതർ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓരോ അദ്ധ്യയന വർഷത്തിന്റെയും തുടക്കത്തിൽ അപേക്ഷ സ്വീകരിക്കും. കളക്ടറേറ്റിലെ വനിതാ ശിശുവികസന വകുപ്പ് ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL