
തിരുവനന്തപുരം: കുടുംബ പശ്ചാത്തലവും സാമ്പത്തിക പ്രശ്നങ്ങളുംകാരണം പഠനം മുടങ്ങിയ നാലാംക്ലാസുകാരന് തുണയായി മന്ത്രി കെ.എ. തുളസി. പട്ടികജാതി വിഭാഗത്തിലെ വേടൻ വിഭാഗത്തിൽപ്പെട്ട നെടുമങ്ങാട് സ്വദേശിയായ റാംബോയ്ക്കാണ് അരുവിക്കര പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രത്യേക ഇളവോടെ പ്രവേശനം അനുവദിച്ചത്. കാണാന്തിരകോണം ചാണി സി.എസ്.ഐ. യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് റാംബോ. റാംബോയുടെ മൂന്ന് ജ്യേഷ്ഠന്മാരായ റൊണാൾഡോ (5-ാം ക്ലാസ്), ടോണി (7-ാം ക്ലാസ്), സച്ചിൻ (9-ാം ക്ലാസ്) എന്നിവർ അരുവിക്കര പ്രീ-മെട്രിക് ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ റാംബോ മാതാവിനൊപ്പം തമിഴ്‌നാട്ടിലേക്ക് താമസം മാറ്റി. ഇതോടെ പഠനവും മുടങ്ങി. ഇത് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് സരിത നൽകിയ പരാതിയിലാണ് പട്ടികജാതി വികസന വകുപ്പിന്റെ ഇടപെടൽ.
അരുവിക്കര പ്രീ-മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന റാംബോയുടെ ജ്യേഷ്ഠന്മാർക്കൊപ്പം സുരക്ഷിതമായി താമസിച്ച് പഠനം തുടരണമെന്ന റാംബോയുടെ ആഗ്രഹവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. നാലാം ക്ലാസ് വിദ്യാർത്ഥിയായതിനാൽ റാംബോയ്ക്ക് നിലവിലെ മാനദണ്ഡപ്രകാരം പ്രവേശനം ലഭിക്കില്ല. കുട്ടിയുടെ പ്രത്യേക കുടുംബസാഹചര്യവും പഠനം മുടങ്ങാതിരിക്കാനും ക്ലാസ് പരിധിയിൽ പ്രത്യേക ഇളവ് അനുവദിച്ചാണ് മന്ത്രി റാംബോയുടെ തുടർപഠനത്തിന് വഴിയൊരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |