SignIn
Kerala Kaumudi Online
Sunday, 11 October 2026 1.49 AM IST

നെഹ്‌റുവും ഇന്ദിരയും പറഞ്ഞു, 'അദ്ഭുതം ഈ മൃഗശാല '

തിരുവനന്തപുരം: വർഷം 1982, കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഒരാഗ്രഹം. പേരുകേട്ട തിരുവനന്തപുരം മൃഗശാല ഒന്നു ചുറ്റിനടന്നുകാണണം. തുടർന്ന് മുഖ്യമന്ത്രിയായ കെ.കരുണാകരനും മന്ത്രിമാർക്കുമൊപ്പം ഇന്ദിരാഗാന്ധി മൃഗശാല സന്ദർശിക്കാനെത്തി.

പടർന്നുപന്തലിച്ചു നിൽക്കുന്ന വൻ മരങ്ങൾക്കിടയിൽ ഒരു മരത്തിൽ നാഗത്തെപ്പോലെ വിടന്നുനിൽക്കുന്ന ഒരു പൂവിൽ ഇന്ദിരയുടെ കണ്ണുടക്കി. സഫ്ദർജംഗ് റോഡിലെ വസതിയിലുള്ള ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കാൻ അപൂർവമായ ഈ 'നാഗഗന്ധി' മരത്തിന്റെ തൈ കിട്ടുമോ എന്ന് ആരാഞ്ഞു. പിന്നീട് പ്രത്യേക വിമാനത്തിൽ ഈ മരത്തിന്റെ തൈ,കേരളസർക്കാരിന്റെ പ്രതിനിധി ഡൽഹിയിലെത്തിച്ചു. മൃഗശാലയിലെ നാഗഗന്ധി ഇപ്പോഴും സഫ്ദർജംഗ് റോഡിലെ വസതിയിലുള്ള ഉദ്യാനത്തിൽ പൂപൊഴിച്ച് നിൽപ്പുണ്ട്.

നാഗഗന്ധി പോലെ അപൂർവങ്ങളായ എത്രയോ മരങ്ങളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. 33 ഏക്കറിലെ അത്തരം വിലപ്പെട്ട മരങ്ങളെല്ലാം വെട്ടിമാറ്റി വമ്പൻ നിർമ്മിതികൾ പണിയാനാണ് ഇപ്പോൾ ശ്രമം. മൃഗശാല സന്ദർശിച്ച പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, നഗരമദ്ധ്യത്തിൽ ഇത്തരമൊരു മൃഗശാല കൗതുകമെന്നായിരുന്നു സന്ദർശക ഡയറിയിൽ കുറിച്ചത്. വൈസ്രോയിമാരായിരുന്ന കഴ്‌സൺ പ്രഭുവും മൗണ്ട് ബാറ്റൺ പ്രഭുവും ഈ മൃഗശാല സന്ദർശിച്ചവരാണ്. തിരുവിതാംകൂറിലെത്തിയ മൈസൂർ രാജാവും മൃഗശാല സന്ദർശിച്ചിട്ടുണ്ട്.


ചരിത്രം കഥപറയുന്ന ബാൻഡ് സ്റ്റാൻഡ്

നേപ്പിയർ മ്യൂസിയത്തിനോട് ചേർന്ന ബാൻഡ് സ്റ്റാൻഡിനുമുണ്ട് ചരിതം. മ്യൂസിയത്തിന്റെ ശിൽപ്പിയായ റോബർട്ട് ചിഷോമാണ് മനോഹരമായ ബാൻഡ് സ്റ്റാൻഡ് രൂപകല്പന ചെയ്തത്. രാജഭരണകാലത്ത് വെള്ളിയാഴ്ചകളിൽ തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ ബാൻഡും പിന്നീട് ശനിയാഴ്ചകളിൽ പൊലീസ് ബാൻഡും ഇവിടെ പരിപാടി അവതരിപ്പിച്ചിരുന്നു. ഏകദേശം 140ലധികം വർഷം പഴക്കമുള്ള വൃത്താകൃതിയിലുള്ള കൽമണ്ഡപത്തിന് പ്രത്യേകമായ ശബ്ദസംവിധാന ക്രമീകരണമുണ്ട് . ഇവിടെ നിന്നുള്ള സംഗീതം ചുറ്റുമുള്ള ഉദ്യാനത്തിൽ നന്നായി കേൾക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

നേപ്പിയർ മ്യൂസിയം,നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം,ശ്രീചിത്ര ആർട്ട് ഗാലറി,അക്വേറിയാം,പാമ്പ് വളർത്തൽ കേന്ദ്രം,

ശലഭപാർക്ക് എന്നിവ ഈ മൃഗശാല കാമ്പസിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്

വിഖ്യാത നോവലായ 'ലൈഫ് ഓഫ് പൈ' യിൽ പരാമർശിക്കപ്പെടുന്ന മൃഗശാലയാണിത്. പ്രധാന കഥാപാത്രമായ

പൈ പട്ടേലിന്റെ പിതാവ് ഈ മൃഗശാലയിലെ സൂ കീപ്പറായിട്ടാണ് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്

ഇവിടെ പക്ഷിമൃഗാദികളെ വലിയ ഇരുമ്പുകൂടുകൾക്ക് പകരം, അവയുടെ സ്വാഭാവികമായ കാട്ടുചുറ്റുപാടുകൾ പുനഃസൃഷ്ടിച്ച വിശാലമായ എൻക്ലോഷറുകളിലാണ് സംരക്ഷിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത.

ചരിത്രമുറങ്ങുന്നതാണ് തലസ്ഥാനത്തിന്റെ അഭിമാനായ മൃഗശാലയും മ്യൂസിയവും. ഇതിന്റെ പ്രാധാന്യം മനസിലാക്കാതെയാണ് പറിച്ചുമാറ്റാനുള്ള നീക്കം നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ ചരിത്രത്തെ തമസ്കരിക്കാൻ മാത്രമേ ഉപകരിക്കൂ. മൃഗശാലയും മ്യൂസിയവും ഇവിടെത്തന്നെ തുടരണം. അതിൽ വിട്ടുവീഴ്ച പാടില്ല.

മലയിൻകീഴ് ഗോപാലകൃഷ്ണൻ,​

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL