13കാരിയുടെ കസ്റ്റഡി അപേക്ഷ 26ന് പരിഗണിക്കും
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആൺകുട്ടികളുടെ തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകത്തിനു ഉപയോഗിച്ച ഗ്ലൗസ്, കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കവർച്ച ചെയ്ത ആഭരണങ്ങൾ എന്നിവ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് പ്രായപൂർത്തിയാകാത്ത പ്രതികളെ അതീവ രഹസ്യ സ്വഭാവത്തിൽ കൃത്യസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
കേസിലെ നാലാം പ്രതിയും കൊല്ലപ്പെട്ട പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരുടെ (67) ചെറുമകളുമായ 13കാരിക്കുവേണ്ടിയുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ 26ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും. ആഗസ്റ്റ് 15ന് രാത്രിയാണ് ശിവൻ കുട്ടിചെട്ടിയാർ കൊലചെയ്യപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത പ്രതികളെ ഒരുമിച്ചു കൊണ്ടുപോകരുതെന്ന കോടതി നിർദ്ദേശത്തെത്തുടർന്ന് മൂന്നു ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടത്തിയത്. കുറ്റാരോപിതർ സംഭവദിവസം എത്തിയതായി പറയപ്പെടുന്ന ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് സ്റ്റാൻഡ്, ഹരിപ്പാട്ടെ രണ്ടു ഹോട്ടലുകൾ കുറ്റാരോപിതരുടെ വീടുകൾ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
കൈയുറ വാങ്ങിയ കടയിലുമെത്തിച്ചു. കടയുടമ ഇവരെ തിരിച്ചറിഞ്ഞു. കൃത്യത്തിനു ശേഷം ഉപേക്ഷിച്ച കൈയുറകൾ ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപത്തെ പൊന്തക്കാട്ടിൽ നിന്നും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇവരുടെ വീടുകളിൽ നിന്നും കണ്ടെത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ, പെർഫ്യൂം കുപ്പി എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
പൊലീസിന്റേതുൾപ്പെടെ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാതിരുന്ന അന്വേഷണ സംഘം, മഫ്തിയിലെത്തിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ബോർഡ് മുമ്പാകെ ഹാജരാക്കിയ ആൺകുട്ടികളെ ഒബ്സർവേഷൻ കേന്ദ്രത്തിലേക്ക് തിരിച്ചയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |