കൊച്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷക വിദ്യാർത്ഥിനി കെ.ഇന്ദുവിനെ ട്രെയിനിൽ നിന്ന് പുഴയിലേക്ക് തള്ളിയിട്ടു കൊന്നെന്ന കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സാക്ഷി വിസ്താരം ഇന്നലെയും തുടർന്നു. എൻ.ഐ.ടി അസിസ്റ്റന്റ് പ്രൊഫസർ കെ.സുഭാഷാണ് പ്രതി. ഇന്ദുവിന്റെ പിതാവ് ഒന്നാം സാക്ഷിയായ കൃഷ്ണൻ നായരെ ഇന്നലെയും പ്രോസിക്യൂഷൻ വിസ്തരിച്ചു. ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ പ്രതിയെ കണ്ടിരുന്നെന്ന് മൊഴി നൽകിയ അഹമ്മദ് കബീർ, ജെൻസൺ എന്നിവരെ ഇന്ന് വിസ്തരിക്കും. ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുക. കഴിഞ്ഞദിവസം ഇന്ദുവിന്റെ അമ്മ ഓമന കുഞ്ഞമ്മ, അമ്മയുടെ ചേച്ചി ബേബിക്കുട്ടിയമ്മ, ഭർത്താവ് ഗോപിനാഥൻ നായർ എന്നിവരെ വിസ്തരിച്ചു. അഡ്വ.എം.എ.ജോസഫ് മണവാളനാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. 2011 ഏപ്രിൽ 25ന് പുലർച്ചെ തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇന്ദുവിനെ (25) മംഗലാപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. പിന്നീട് ആലുവ പുഴയിൽ മൃതദേഹം കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |