തിരുവനന്തപുരം: തലസ്ഥാന നഗരത്തെ യുദ്ധക്കളമാക്കി കഴിഞ്ഞ ദിവസം നടന്ന യുവജന സംഘടനകളുടെ കല്ലേറിലും സംഘർഷത്തിലുമടക്കം ഏഴ് കേസുകളെടുത്ത് പൊലീസ്. വിവിധ സംഭവങ്ങളിലായി യുവമോർച്ച, എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ 300 പേരെ പ്രതികളാക്കി. എട്ട് യുവമോർച്ച പ്രവർത്തകരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് അഞ്ചും മന്ത്രി കെ.എം.ഷാജിയെ തടഞ്ഞതിന് രണ്ടും ഡി.സി.സി ഓഫീസ് ആക്രമിച്ചതിന് ഒരാളുമാണ് അറസ്റ്റിലായത്.
സംഭവങ്ങളിൽ ശക്തമായ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിന് നിർദ്ദേശം നൽകി. അക്രമങ്ങൾ മന:പൂർവം സൃഷ്ടിച്ചതാണോയെന്നും ഗൂഢാലോചനയുണ്ടോയെന്നും സംശയിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയൻ 'കേരളകൗമുദി'യോട് പറഞ്ഞു.
ബുധനാഴ്ച രാത്രിയുണ്ടായ അക്രമസംഭവങ്ങളിൽ മ്യൂസിയം, കന്റോൺമെന്റ് പൊലീസ് രണ്ടുവീതം കേസുകളാണെടുത്തത്. പ്രകടനങ്ങളും ജാഥകളും നടത്തിയതിനാണ് മൂന്നു കേസുകൾ. മ്യൂസിയം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസുണ്ട്. ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനുനേരെ ബിയർകുപ്പി എറിഞ്ഞതിന് തമ്പാനൂർ പൊലീസും കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
തന്റെ ഔദ്യോഗിക വാഹനം വാൻറോസ് ജംഗ്ഷനിൽ തടഞ്ഞതിൽ കേസുവേണ്ടെന്ന് മന്ത്രി കെ.എം.ഷാജി അറിയിച്ചിരുന്നെങ്കിലും കന്റോൺമെന്റ് പൊലീസ് യുവമോർച്ച പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്തു.
മെൻസ് ഹോസ്റ്റലിൽ
പരിശോധന വേണമെന്ന്
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിലും യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം ഡി.ജി.പിക്ക് പരാതി നൽകി. മെൻസ് ഹോസ്റ്റലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |